സിന്‍ഡിക്കറ്റ് യോഗത്തില്‍നിന്നു വിട്ടുനിൽക്കൽ; സാങ്കേതിക സര്‍വകലാശാലാ വിസിയുടെ ഹര്‍ജിയില്‍ നോട്ടീസ്
Wednesday, August 13, 2025 1:50 AM IST
കൊച്ചി: സാങ്കേതിക സര്‍വകലാശാലാ സിന്‍ഡിക്കറ്റ് യോഗത്തില്‍നിന്നു ഗവ. സെക്രട്ടറിമാർ വിട്ടുനില്‍ക്കുന്നത് സര്‍വകലാശാലയില്‍ ഭരണസ്തംഭനത്തിനു കാരണമാകുന്നതായി ചൂണ്ടിക്കാട്ടി വൈസ് ചാന്‍സലര്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി നോട്ടീസ്.
വിസി ഡോ. ശിവപ്രസാദ് നല്കിയ ഹര്‍ജിയില്‍ സര്‍വകലാശാലയെ കക്ഷിചേര്‍ക്കാന്‍ നിര്‍ദേശിച്ച ജസ്റ്റീസ് സി.എസ്. ഡയസ് സര്‍ക്കാര്‍, ധനകാര്യ സെക്രട്ടറി, ഉന്നതവിദ്യാഭ്യാസ സെക്രട്ടറി, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവരടക്കം എതിര്‍കക്ഷികള്‍ക്കു നോട്ടീസ് അയയ്ക്കാൻ ഉത്തരവിട്ടു.
16നകം സത്യവാങ്മൂലം നല്കാന് നിര്‍ദേശിച്ച കോടതി ഹര്‍ജി വീണ്ടും ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റി.
സര്‍ക്കാര്‍ പ്രതിനിധികളായ ധനകാര്യ, ഉന്നതവിദ്യാഭ്യാസ സെക്രട്ടറിമാരും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറും തുടര്‍ച്ചയായി സിന്‍ഡിക്കറ്റ് യോഗങ്ങളില്‍നിന്നു വിട്ടുനില്‍ക്കുന്നത് പ്രതിസന്ധിക്കു കാരണമാകുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
ഒമ്പതില്‍ മൂന്നുപേര്‍ ഹാജരല്ലാത്തതിനാല്‍ കോറം തികയാതെ യോഗം പിരിയുകയാണെന്നും ബജറ്റ് പാസാക്കാനോ ശമ്പളം നല്‍കുന്നതിനടക്കം സാമ്പത്തിക ഇടപാടുകള്‍ നടത്താനോ സാധ്യമാകാത്ത അവസ്ഥയാണെന്നുമാണ് ഹര്‍ജിയിലെ വാദം.