വിഭജനഭീതിദിനം ആചരിക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ല; ഗവർണർക്കെതിരേ മന്ത്രി ബിന്ദു
Wednesday, August 13, 2025 1:00 AM IST
തൃശൂർ: ചരിത്രത്തിലില്ലാത്ത വിധത്തിൽ സ്വാതന്ത്ര്യദിനത്തലേന്നു വിഭജനഭീതിദിനമായി ആചരിക്കാൻ ഗവർണർ ആവശ്യപ്പെട്ടതു മതനിരപേക്ഷമൂല്യങ്ങൾക്കു നിരക്കുന്നതല്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു.
ഇതു ഭിന്നിപ്പ് വളരാൻമാത്രമേ സഹായിക്കൂ. ഇത് അംഗീകരിച്ചുകൊടുക്കാൻ സാധിക്കുന്നതല്ല. വർഗീയതയും വിദ്വേഷവും ലക്ഷ്യംവച്ചുള്ള ആർഎസ്എസ് തന്ത്രങ്ങളുടെ ഭാഗമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച വിഭജനഭീകരദിനം കേരളത്തിലെ സർവകലാശാലകളിൽ ആചരിക്കണമെന്ന ഗവർണറുടെ നിർദേശം കലാലയസമൂഹം തള്ളിക്കളയണമെന്നു മന്ത്രി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
സ്വാതന്ത്ര്യദിനത്തലേന്നു വിഷംചീറ്റുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതു ദൂരവ്യാപകപ്രത്യാഘാതം ഉണ്ടാക്കും. ചില കിങ്കരന്മാർ പരിപാടി നടത്താൻ ആഹ്വാനം ചെയ്തേക്കാം. മതനിരപേക്ഷമൂല്യങ്ങളോടു പ്രതിപത്തിയുള്ളവർ മാറിനിൽക്കും എന്നാണു പ്രതീക്ഷ. ജനാധിപത്യവിശ്വാസികൾ ഇതു പ്രതിരോധിക്കേണ്ടതാണ്.
മതരാഷ്ട്ര നിർമിതിയാണു സംഘപരിവാർ ലക്ഷ്യംവയ്ക്കുന്നത്. അതിലേക്കു യുവജനങ്ങളെ സംഘടിപ്പിക്കുന്ന പരിപാടി എതിർക്കപ്പെടണം. എല്ലാക്കാലത്തും സാമ്രാജ്യത്വ ശക്തികളോടു വിനീതവിധേയരായി നിൽക്കുന്നവരാണ് ആർഎസ്എസ്. ഏതു മോശപ്പെട്ട രീതിയിലും അധികാരത്തിലെത്താനാണ് ആർഎസ്എസും ബിജെപിയും സംഘപരിവാരവും ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.