കേന്ദ്രസർക്കാർ വാദം അടിസ്ഥാനരഹിതം: ഒരു സർക്കാർ വിദ്യാലയവും അടച്ചുപൂട്ടിയിട്ടില്ലെന്ന് മന്ത്രി
Wednesday, August 13, 2025 1:00 AM IST
തൃശൂർ: കഴിഞ്ഞ ഒന്പതുവർഷമായി സംസ്ഥാനത്തെ ഒരു സർക്കാർ വിദ്യാലയവും അടച്ചുപൂട്ടിയിട്ടില്ലെന്നു വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. അടച്ചുപൂട്ടിയെന്ന കേന്ദ്രസർക്കാർ വാദം അടിസ്ഥാനരഹിതമാണ്.
എയ്ഡഡ് സ്കൂളുകൾപോലും അടച്ചുപൂട്ടാൻ പാടില്ലെന്നു നിർബന്ധമുള്ളതിനാൽ സർക്കാർ അവയെല്ലാം ഏറ്റെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കേരളത്തിലെ വിദ്യാഭ്യാസരംഗത്തെ അപകീർത്തിപ്പെടുത്താനാണു കേന്ദ്രം ശ്രമിക്കുന്നത്.
കേന്ദ്രസർക്കാർ പുറത്തുവിട്ടതു 1992 ൽ ഡിപിഇപി പദ്ധതിയുമായി ബന്ധപ്പെട്ടതാണ്. വിദ്യാഭ്യാസ അവകാശനിയമം നിലവിൽ വന്നതിനുപിന്നാലെ ഇവ സ്കൂളായി തുടരാൻ കഴിയില്ലെന്നുവന്നപ്പോൾ ഘട്ടംഘട്ടമായി നിർത്തലാക്കിയതാണ്. അതും കേന്ദ്രം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് അടച്ചുപൂട്ടിയത്. ഏതെങ്കിലും ഒരു സർക്കാർ സ്കൂൾ അടച്ചുപൂട്ടിയതായി തെളിയിക്കാൻ കഴിയുമോയെന്നും ഇതെല്ലം കേരളത്തെ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമമാണെന്നും മന്ത്രി രാമനിലയത്തിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.
പാഠപുസ്തകങ്ങളുടെ ഭാരം കുറയ്ക്കാനും പുതിയതായി നിർമിക്കുന്ന വിദ്യാലയങ്ങളിൽ ലിഫ്റ്റ് നിർമിക്കാനും തീരുമാനിച്ചിട്ടുണ്ട്. അപകടഭീഷണിയിലുള്ള സ്കൂൾകെട്ടിടങ്ങൾ പൊളിച്ചുമാറ്റും. അതിനായി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ പറഞ്ഞിട്ടുണ്ട്. കെട്ടിടം പൊളിച്ചുമാറ്റുന്നപക്ഷം വിദ്യാർഥികൾക്കു പഠിക്കാനുള്ള സൗകര്യവും ഒരുക്കും.
അധ്യാപകരുടെ വസ്ത്രധാരണരീതിയെക്കുറിച്ച് ഇതുവരെ ഒരു ആക്ഷേപവും ഉയർന്നിട്ടില്ല. അതുകൊണ്ടുതന്നെ അവരുടെ വസ്ത്രധാരണരീതിയിൽ മാറ്റംവരുത്തുന്ന കാര്യം ഇതുവരെ സർക്കാരിനു മുന്നിൽ വന്നിട്ടില്ല.
കേരളത്തിന്റെ രീതിയിൽ മാന്യമായ വസ്ത്രങ്ങളാണ് അധ്യാപകർ ധരിക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.