നിയമവിരുദ്ധ പ്രവൃത്തിക്കെതിരേ നടപടിയെടുക്കാൻ അനുവാദത്തിന് പോലീസ് കാത്തുനിൽക്കേണ്ടതില്ല: മുഖ്യമന്ത്രി
Wednesday, August 13, 2025 1:50 AM IST
കണ്ണൂർ: ജനങ്ങളുടെ സ്വൈരജീവിതത്തിന് വിഘാതമാകുന്ന ഒരു സംഭവവും നമ്മുടെ നാട്ടിൽ ഉണ്ടാകാൻ പാടില്ലെന്നും നിയമവിരുദ്ധ പ്രവൃത്തികൾക്കെതിരേ നടപടികളെടുക്കുന്ന കാര്യത്തിൽ പോലീസ് ആരുടെയും അനുവാദത്തിനു കാത്തുനിൽക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
കേരള പോലീസിന്റെ കണ്ണൂരിൽ ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിർമാണം പൂർത്തീകരിച്ചതും ആരംഭിക്കുന്നതുമായ വിവിധ പദ്ധതികളുടെ ഉദ്ഘാടനം കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.വിദ്വേഷം പ്രചരിപ്പിക്കുന്ന ശക്തികൾക്കെതിരേ ജാഗ്രത പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അടിസ്ഥാന വികസനത്തിന് 13 പദ്ധതികൾ
കണ്ണൂർ: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 13 പദ്ധതികളുടെ ഉദ്ഘാടനവും ഏഴ് പദ്ധതിക ളുടെ ശിലാസ്ഥാപനവുമാണ് മുഖ്യമന്ത്രി നിർവഹിച്ചത്.
കണ്ണൂരിൽ 10.17 കോടി രൂപ ചെലവിൽ നിർമാണം പൂർത്തീകരിച്ച പോലീസ് പരേഡ് ഗ്രൗണ്ടിൽ നിർമിച്ച സിന്തറ്റിക് ട്രാക്ക് കം ഫുട്ബോൾ കോർട്ട്, ഇൻഡോർ കോർട്ട്, ജില്ലാ പോലീസ് ആസ്ഥാനത്ത് നിർമിച്ച ഇൻഡോർ സ്പോർട്സ് സെന്റർ കം ഹാൾ, ഇടുക്കി ജില്ലയിലെ വാഗമൺ, തങ്കമണി പോലീസ് സ്റ്റേഷൻ, ഇടുക്കി കൺട്രോൾ റൂം, എറണാകുളം ക്രൈംബ്രാഞ്ച് കോംപ്ലക്സ്, കാസർഗോഡ് ജില്ലയിലെ മേൽപ്പറമ്പ പോലീസ് സ്റ്റേഷൻ, ബേക്കൽ സബ് ഡിവിഷൻ ഓഫീസ്, പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം, ചിറ്റൂർ പോലീസ് സ്റ്റേഷനുകൾ, എറണാകുളം ജില്ലയിലെ ഫോർട്ട് കൊച്ചിയിൽ കോസ്റ്റൽ പോലീസിനുവേണ്ടി നിർമിച്ച ബോട്ടുജെട്ടി എന്നിവ ഇതിൽ ഉൾപ്പെടും. 23.27 കോടി രൂപ ചെലവിലാണ് ഇവ പൂർത്തിയാക്കിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇതിനു പുറമെ കണ്ണൂർ ജില്ലയിലെ മയ്യിൽ പോലീസ് സ്റ്റേഷൻ, കൊച്ചി, തിരുവനന്തപുരം സിറ്റി എന്നിവിടങ്ങളിലെ പോലീസ് ക്വാർട്ടേഴ്സുകൾ, പാലക്കാട് കൊപ്പം, കോട്ടയം ചങ്ങനാശേരി പോലീസ് സ്റ്റേഷനുകൾ എന്നിവയുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിച്ചു.