കോഴിക്കോട് കോര്പറേഷന് വോട്ടര്‍പട്ടികയിൽ വ്യാപക ക്രമക്കേട്
Wednesday, August 13, 2025 1:00 AM IST
കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പറേഷനിലെ വോട്ടര്‍പട്ടികയില്‍ ആയിരത്തിലധികം വോട്ട് ഇരട്ടിപ്പുകള്‍. ഒരു ഐഡി കാര്‍ഡ് നമ്പറില്‍ ആറു വോട്ടര്‍മാര്‍. ഒരു വീട്ടുനമ്പറില്‍ 327 വോട്ടര്‍മാര്‍. വീട്ടുനമ്പറില്ലാതെയും വോട്ടുകള്‍.
ഫീല്‍ഡ് വെരിഫിക്കേഷന് നടത്തി മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ. റസാഖും ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി. ഇസ്മയിലുമാണു ക്രമക്കേടുകള്‍ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടത്. അവസാന വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് ശുദ്ധീകരണം നടത്തണമെന്നു നേതാക്കള്‍ ആവശ്യപ്പെട്ടു.
മാറാട് ഡിവിഷനില്‍ ഉള്‍പ്പെട്ട 49/49 എന്ന വീട്ടുനമ്പറില്‍ 327 വോട്ടര്‍മാരാണുള്ളത്. ഈ വോട്ടര്‍മാര്‍ ഏഴു ബൂത്തുകളിലാണ്. പുത്തൂര്‍ ഡിവിഷനില്‍ 4/500 എന്ന വീട്ടുനമ്പറില്‍ 320 വോട്ടര്‍മാരുണ്ട്. ഇവര്‍ അഞ്ച് ബൂത്തുകളിലായാണ് ഉള്‍പ്പെട്ടത്. പുത്തൂര്‍ ഡിവിഷനില്‍ത്തന്നെ 4/400 എന്ന വീട്ടുനമ്പറില്‍ 248 വോട്ടര്‍മാരുണ്ട്. 03/418 എന്ന നമ്പറില്‍ 196 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 11പേർ കൊമ്മേരി ഡിവഷനിലും 185 പേർ കുറ്റിയില്‍ താഴം ഡിവിഷനിലുമാണ്.
5/0 എന്ന നമ്പറിലെ 192 വോട്ടര്‍മാരില്‍ 149 പേര് മൊകവൂര്‍ ഡിവിഷനിലും 43 പേര് കുണ്ടുപറമ്പ് ഡിവിഷനിലുമാണ്. 50/50 എന്ന വീട്ടുനമ്പറിലെ 103 വോട്ടര്‍മാരില്‍ 26പേർ മാറാട് ഡിവിഷനിലും 72പേർ നടുവട്ടം ഡിവിഷനിലും അഞ്ചുപേർ മാത്തോട്ടം ഡിവിഷനിലുമാണ്. മറ്റൊരു വീട്ടുനമ്പറില്‍ വിവിധ ഡിവിഷനുകളിലായി 1,088 വോട്ടുകളാണുള്ളത്.
വോട്ടര്‍പട്ടികയില്‍ ഒരു തിരിച്ചറിയല്‍ കാര്‍ഡ് നമ്പറില്‍ത്തന്നെ ആറു വോട്ടര്‍മാരുടെ വിവരം ലഭിക്കും. ഇത്തരത്തില്‍ ആറ് വോട്ടര്‍മാരുള്ള നാലു തിരിച്ചറിയല്‍ കാര്‍ഡ് നമ്പറുകളാണു പട്ടികയിലുള്ളത്.
സമാനമായ രീതിയില്‍ അഞ്ചു വോട്ടര്‍മാരുള്ള നാലു തിരിച്ചറിയില്‍ കാര്‍ഡ് നമ്പറുകളും, നാല് വോട്ടര്‍മാര്‍ വീതമുള്ള മൂന്ന് തിരിച്ചറിയില്‍ കാര്‍ഡ് നമ്പറുകളും രണ്ടു വോട്ടര്‍മാര്‍ വീതമുള്ള 599 തിരിച്ചറിയില്‍ കാര്‍ഡ് നമ്പറുകളും പട്ടികയിലുണ്ട്.
ഇതില്‍ 90 ശതമാനവും വ്യത്യസ്ത ബൂത്തുകളിലും ഡിവിഷനുകളിലുമാണ്. വോട്ടര്‍മാരുടെ പേര്, രക്ഷിതാവിന്റെ പേര്, വീട്ടുപേര് എന്നിവ മാറ്റമില്ലാതെ രണ്ട് തവണ ആവര്‍ത്തിച്ചുവരുന്ന വോട്ടുകള്‍ 1408 ആണ്. ഒരേ ഡിവിഷനില്‍ ഒരേ ബൂത്തില്‍ 480 വോട്ടുകളാണ് ആവര്‍ത്തിച്ചത്.
നിലവില്‍ പ്രസിദ്ധീകരിച്ച് പട്ടികയില്‍ അതിര്‍ത്തി മാറിവന്നത് നൂറുകണക്കണിനു വോട്ടുകളാണ്. ചില ഡിവിഷനുകളില്‍ അഞ്ഞൂറില്‍ അധികം വോട്ടുകള്‍ അതിര്‍ത്തിക്കു പുറത്തുനിന്നു വന്നിട്ടുണ്ട്.
ഒരു വീട്ടിലെ വോട്ടുകള്‍തന്നെ വ്യത്യസ്ത ഡിവിഷനുകളിലും ബൂത്തുകളിലുമായി വന്നതിനാൽ വോട്ടര്‍പട്ടിക കൃത്യമായി മനസിലാക്കാന്‍ സാധിക്കില്ല. 2020 ല്‍ കോഴിക്കോട് കോര്‍പറേഷനിലെ 12 ഡിവിഷനില്‍ യുഡിഎഫ് പരാജയപ്പെട്ടത് 500 ല്‍ താഴെ വോട്ടിനാണ്. അതിര്‍ത്തിമാറ്റി വന്ന വോട്ടര്‍മാരുടെയും വ്യാജ വോട്ടര്‍മാരുടെയും പിന്‍ബലത്തില്‍ അധികാരം നിലനിര്‍ത്താനാണ് സിപിഎം ശ്രമിക്കുന്നതെന്ന് അവര്‍ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ് യുഡിഎഫിന് അനുകൂലമാകുമെന്നു മനസിലാക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. ബിഹാറിലും മറ്റും നടക്കുന്നതിന് സമാനമായ ക്രമക്കേടുകളാണ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ കരട് വോട്ടര്പട്ടികയിലുമുള്ളത്. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് ഇരുവരും അറിയിച്ചു.