കുന്നോത്ത് ഗുഡ് ഷെപ്പേഡ് മേജർ സെമിനാരി രജതജൂബിലിയാഘോഷം സമാപിച്ചു
Wednesday, August 13, 2025 1:00 AM IST
ഇരിട്ടി: ഇന്ത്യ മതേതരത്വത്തിന്റെ കാവൽരാജ്യമെന്നു മന്ത്രി റോഷി അഗസ്റ്റിൻ. മതരാഷ്ട്രമല്ല, മതേതരത്വം കാത്തുസൂക്ഷിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. കുന്നോത്ത് ഗുഡ് ഷെപ്പേഡ് മേജർ സെമിനാരിയുടെ രജത ജൂബിലിയാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ക്രൈസ്തവ വിശ്വാസത്തിന്റെ ആണിക്കല്ല് തീക്ഷ്ണമായ വിശ്വാസമാണ്. വിശ്വാസം പ്രചരിപ്പിക്കാനും വിശ്വസിക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന നമുക്കു നൽകുന്നുണ്ട് - മന്ത്രി പറഞ്ഞു. സഭയെ നയിക്കാനും പ്രാപ്തരാക്കാനുമുള്ള വലിയൊരു സമൂഹത്തെ കുന്നോത്തെ വിശ്വാസപരിശീലന കേന്ദ്രത്തിൽനിന്നു ലഭിച്ചതായും മന്ത്രി പറഞ്ഞു.
മാനുഷികബന്ധങ്ങൾ ദൈവിക കാഴ്ചപ്പാടിലൂടെ കാണേണ്ട പരിശീലനമാണു വൈദികർക്കു ലഭിക്കേണ്ടതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. വൈദിക പരിശീലനത്തിനു കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റം പരിശീലനകേന്ദ്രങ്ങളിൽ ആവശ്യമാണ്.
ക്രിസ്തുവിന്റെ സഭയുടെ വൈദികർ ക്രിസ്തുവിന്റെ സഭയുടെ അംബാസഡർമാരാണ്. വൈദികർ എപ്പോഴും സന്തോഷത്തിന്റെ വാർത്ത ദൈവജനത്തെ അറിയിക്കുന്നവരാകണം. മനുഷ്യന്റെ പ്രതിസന്ധികളിൽ അവന്റെകൂടെ നിൽക്കണം. വെല്ലുവിളികളെ അതിജീവിപ്പിക്കാൻ പഠിപ്പിക്കണം. വൈദികന്റെ പെരുമാറ്റത്തിൽ വേണ്ടതു കുലീനത്വമാണ്. കഴിവുകൾ വളർത്തിയെടുക്കാനുള്ള സ്ഥലമാണ് ഓരോ പരിശീലന കേന്ദ്രവുമെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു.
ചടങ്ങിൽ സെമിനാരി കമ്മീഷൻ മുൻ ചെയർമാൻ ആർച്ച്ബിഷപ് എമെരിറ്റസ് മാർ ജോർജ് വലിയമറ്റം അനുഗ്രഹപ്രഭാഷണം നടത്തി. ആർച്ച്ബിഷപ് എമെരിറ്റസ് ജോർജ് ഞരളക്കാട്ട് സമ്മാനദാനം നിർവഹിച്ചു. മുൻ പ്രഫസർ ബിഷപ് മാർ തോമസ് പാടിയത്ത് പുസ്തകപ്രകാശനവും പ്രഥമ റെക്ടർ റവ. ഡോ. ജോസഫ് കുഴിഞ്ഞാലിൽ സുവനീർ പ്രകാശനവും നടത്തി.
അഡ്ഹോക് കമ്മിറ്റി മുൻ അംഗം ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല, കണ്ണൂർ രൂപത സഹായമെത്രാൻ ഡോ. ഡെന്നിസ് കുറുപ്പുശേരി, കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ, ബത്തേരി രൂപത ബിഷപ് ജോസഫ് മാർ തോമസ്, മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം, മാർ ജോസഫ് സ്രാന്പിക്കൽ, മുൻ റെക്ടർമാരായ റവ. ഡോ. മാണി ആട്ടേൽ, റവ.ഡോ. ജിയോ പുളിക്കൽ, സെമിനാരി കമ്മീഷൻ അംഗം ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, സണ്ണി ജോസഫ് എംഎൽഎ, നസ്രത്ത് സിസ്റ്റേഴ്സ് മദർ ജനറൽ സിസ്റ്റർ ജസീന്ത സെബാസ്റ്റ്യൻ, പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രജനി, പൂർവവിദ്യാർഥീ പ്രതിനിധി ഫാ. സെബാൻ ഇടയാടിയിൽ, പായം ഗ്രാമപഞ്ചായത്തംഗം ഷൈജൻ ജേക്കബ് എന്നിവർ പ്രസംഗിച്ചു.
സെമിനാരി കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി സ്വാഗതവും റെക്ടർ റവ. ഡോ. മാത്യു പട്ടമന നന്ദിയും പറഞ്ഞു. സെമിനാരി വിദ്യാർഥികളുടെ ജൂബിലിഗാനവും ഉണ്ടായിരുന്നു.
ജൂബിലിയാഘോഷ സമാപന സമ്മേളനത്തിനു മുന്നോടിയായി പൂർവവിദ്യാർഥി സംഗമവും മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയും നടന്നു.
സീറോമലബാർ സഭാ സിനഡിന്റെ കീഴിൽ 2000 സെപ്റ്റംബർ ഒന്നിനാണു തലശേരി അതിരൂപതയുടെ സാന്തോം എസ്റ്റേറ്റിൽ മേജർ സെമിനാരി പ്രവർത്തനം ആരംഭിച്ചത്. 25 വർഷത്തിനുള്ളിൽ 500 വൈദികവിദ്യാർഥികളാണു പഠനം പൂർത്തിയാക്കിയത്.
ഓര്മകളും അനുഭവങ്ങളും പങ്കുവച്ച് പൂർവവിദ്യാർഥികൾ
ഇരിട്ടി: തത്വശാസ്ത്ര-ദൈവശാസ്ത്ര പഠനത്തിന്റെ ഓർമകളുടെ മുറ്റത്ത് ഒരിക്കൽക്കൂടി അവർ ഒത്തുകൂടി. കുന്നോത്ത് ഗുഡ് ഷെപ്പേഡ് മേജർ സെമിനാരിയുടെ രജതജൂബിലിയോടനുബന്ധിച്ചു സംഘടിപ്പിച്ച പൂർവവിദ്യാർഥീ സംഗമത്തിലാണ് വൈദികർ ഒത്തുകൂടിയത്.
ഓർമകളും അനുഭവങ്ങളും പഠനകാലത്തിന്റെ ഓർമകളും പങ്കുവച്ച് വൈദികർ തങ്ങളുടെ അധ്യാപകരുടെയും റെക്ടർ അച്ചൻമാരുടെയും മുന്നിൽ പഴയ വിദ്യാർഥികളായി മാറി.
ലോകത്തിന്റെ വിവിധ കോണുകളിൽ ശുശ്രൂഷ ചെയ്യുന്ന വൈദികരാണ് വർഷങ്ങൾക്കുശേഷം കുന്നോത്ത് മേജർ സെമിനാരിയിൽ ഒത്തുചേർന്നത്. 2008 മുതൽ സീറോമലബാർ സഭയുടെ വിവിധ രൂപതകൾ, സന്യാസ ഭവനങ്ങൾ എന്നിവിടങ്ങളിൽനിന്നായി കുന്നോത്ത് സെമിനാരിയിൽ പഠിച്ചിറങ്ങി പൗരോഹിത്യം സ്വീകരിച്ച 200 ഓളം വൈദികർ സംഗമത്തിൽ പങ്കെടുത്തു.
സെമിനാരിയിലെ പ്രഫസറായിരുന്ന ബിഷപ് മാർ തോമസ് പാടിയത്ത്, സെമിനാരിയുടെ പ്രഥമ റെക്ടർ റവ.ഡോ. ജോസഫ് കുഴിഞ്ഞാലിൽ, റെക്ടർമാരായിരുന്ന റവ. ഡോ. ജോർജ് പുളിക്കൽ, റവ.ഡോ.തോമസ് ആനിക്കുഴിക്കാട്ടിൽ, റവ.ഡോ. മാണി ആട്ടേൽ, ഫാ. സൈമൺ വള്ളോപ്പള്ളിൽ, ഇപ്പോഴത്തെ റെക്ടർ റവ.ഡോ.മാത്യു പട്ടമന എന്നിവർ പ്രസംഗിച്ചു.
റവ. ഡോ. ആന്റണി തറേക്കടവിൽ, റവ. ഡോ. ജോസ് കൂടപ്പുഴ എന്നിവർ പൂർവവിദ്യാർഥീ സംഗമത്തിനു നേതൃത്വം നൽകി.