മദ്യനയം ജലരേഖയായി: ഓര്‍ത്തഡോക്സ് സഭ
Wednesday, August 13, 2025 1:00 AM IST
കോട്ടയം: കേരളത്തെ മദ്യവിമുക്തമാക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ മദ്യവര്‍ജനത്തിനായി ജനകീയ പ്രസ്ഥാനം ആരംഭിക്കുമെന്നും, എല്‍ഡിഎഫ് തുറക്കുക ബാറുകളല്ല സ്കൂളുകളായിരിക്കുമെന്നതുമടക്കം വമ്പന്‍ പരസ്യങ്ങളും പ്രഖ്യാപനങ്ങളുമായാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറിയതെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ.
പരസ്യവാചകങ്ങള്‍ക്ക് കേവലം വിപണി താത്പര്യങ്ങള്‍ മാത്രമേയുള്ളുവെന്നതിന്റെ ഉദാഹരണമായി നയവാചകങ്ങള്‍ മാറി. ഒന്നാം പിണറായി വിജയന് സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ സംസ്ഥാനത്ത് 29 ബാറുകള്‍ മാത്രമാണുണ്ടായിരുന്നത്. ഇപ്പോള്‍ മദ്യശാലകളുടെ എണ്ണം ആയിരത്തോട് അടുക്കുന്നു. മദ്യനയമെന്നത് വെറും ജലരേഖയായി. വിശപ്പിന് അരി വാങ്ങണമെങ്കില്‍ റേഷന്‍ കടയില്‍ പോയി വിരല്‍ പതിക്കണം. അതേ നാട്ടിലാണ് മദ്യം വീടുകളില്‍ എത്തിച്ചു നല്കാന് നീക്കം നടക്കുന്നത്.
ജോലികഴിഞ്ഞ് മദ്യപിച്ചെത്തുന്ന ഗൃഹനാഥനെ പേടിച്ച് കഴിഞ്ഞിരുന്ന വീടുകളില്‍ ഇനി മുതല്‍ മദ്യപര്‍ക്ക് രാവിലെ മുതല്‍ കുടിച്ച് കുടുംബം തകര്‍ക്കാം. ആരോഗ്യത്തിന് ഹാനികരമായ ഒരു വസ്തുവിനെ ഇത്രയും ലളിതവത്കരിച്ചു വീടുകളിലേക്ക് ആനയിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത് ഒട്ടും ഭൂഷണമല്ലെന്നും കാതോലിക്കാ ബാവ പ്രതികരിച്ചു.
മദ്യം സുലഭമാക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ കുടുംബാന്തരീക്ഷത്തെ അപകടത്തിലാക്കും. മദ്യലഹരിയില്‍ വീട്ടിലെത്തുന്ന ഉറ്റവരെ ഭയന്നുകഴിയേണ്ടിവരുന്ന കുഞ്ഞുങ്ങളെയും വീട്ടമ്മമാരെയും കരുതി തെറ്റായ നയങ്ങള്‍ തിരുത്താന്‍ തയാറാകണമെന്നും ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് കൂട്ടിച്ചേര്‍ത്തു.