തെരുവുനായ ; സുപ്രീംകോടതി ഉത്തരവിനെതിരേ രാഹുലും മേനക ഗാന്ധിയും
Wednesday, August 13, 2025 1:51 AM IST
ന്യൂഡൽഹി: ഡൽഹിയിൽ തെരുവുനായ്ക്കളെ പിടികൂടി ഷെൽട്ടർ ഹോമുകളിൽ അടയ്ക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെതിരേ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
വിധി നടപ്പാക്കുന്നത് കാലങ്ങളായി പിന്തുടരുന്ന രീതിയിൽനിന്നുള്ള പിന്മാറ്റമായിരിക്കുമെന്ന് രാഹുൽ സമൂഹമാധ്യമമായ എക്സിൽ ആരോപിച്ചു.
നായ്ക്കളെ തുടച്ചുനീക്കേണ്ട പ്രശ്നമായി കാണേണ്ട സാഹചര്യമില്ല. ഷെൽട്ടർ ഹോമുകൾ, വന്ധ്യംകരണം, കുത്തിവയ്പ്, കമ്യൂണിറ്റി കെയർ എന്നിവ വഴി നായ്ക്കളിൽനിന്നും തെരുവുകളെ സുരക്ഷിതമാക്കാൻ കഴിയും. അതിന് അവയെ തുടച്ചുനീക്കുക എന്ന ക്രൂരകൃത്യം ചെയ്യേണ്ട കാര്യമില്ല. തെരുവുനായകളെ പിടികൂടി മാറ്റുന്നത് ക്രൂരമാണെന്നും രാഹുൽ പറഞ്ഞു.
തിങ്കളാഴ്ച ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവിനെതിരേ മൃഗ സ്നേഹികളുൾപ്പെടെ നിരവധിപ്പേരാണ് രംഗത്തുവന്നത്.
സുപ്രീംകോടതി ഉത്തരവ് ഡൽഹിയുടെ പരിസ്ഥിതി സന്തുലനം തെറ്റിക്കുമെന്ന് മുൻ കേന്ദ്രമന്ത്രിയും മൃഗാവകാശ പ്രവർത്തകയുമായ മേനക ഗാന്ധി പറഞ്ഞു.
സുപ്രീംകോടതി നിർദേശം അപ്രായോഗികമെന്നാണ് മൃഗാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. ഉത്തരവ് നടപ്പാക്കാൻ വലിയതോതിൽ ഭൂമിയും ചെലവും ആവശ്യമായി വരും. എല്ലാ തെരുവുനായ്ക്കളുടെയും വന്ധ്യംകരണത്തിനുള്ള സംവിധാനങ്ങൾ പോലും നിലവിലില്ല. യാഥാർഥ്യത്തിൽനിന്ന് അകന്നാണു കോടതിയുടെ ഉത്തരവെന്നും ഉമീദ് ഫോർ ആനിമൽ ഫൗണ്ടേഷൻ ആരോപിച്ചു.
അതേസമയം, കോടതി ഉത്തരവ് നടപ്പാക്കാൻ അടിയന്തരമായി നയം രൂപീകരിച്ച് തീരുമാനമെടുക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വ്യക്തമാക്കി.