ചൈനീസ് വിദേശകാര്യമന്ത്രി തിങ്കളാഴ്ച ഇന്ത്യയിൽ
Thursday, August 14, 2025 3:50 AM IST
ന്യൂഡൽഹി: ഇന്ത്യ-ചൈന ബന്ധം സുഗമമാക്കുന്നതിനു തുടർനീക്കങ്ങൾ. തിങ്കളാഴ്ച ഇന്ത്യയിലെത്തുന്ന ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചർച്ച നടത്തും.
അതിർത്തിപ്രശ്നം പരിഹരിക്കുക ലക്ഷ്യമിട്ടായിരിക്കും ചർച്ചകൾ. ഷാങ്ഹായി കോർപറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) വാർഷിക ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് നഗരമായ ടിയാൻജിൻ സന്ദർശിക്കാനാരിക്കെയാണു വാങ് യിയുടെ ഇന്ത്യാ സന്ദർശനം.
കഴിഞ്ഞ ഡിസംബറിൽ അജിത് ഡോവൽ ചൈന സന്ദർശിച്ച് ചർച്ച നടത്തിയിരുന്നു. റഷ്യൻ നഗരമായ കസാനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗും തമ്മിലുണ്ടാക്കിയ ധാരണയെത്തുടർന്നായിരുന്നു ഡോവലിന്റെ യാത്ര.