സ്വാതന്ത്ര്യദിനാഘോഷം; ഡൽഹി സുരക്ഷാവലയത്തിൽ
Thursday, August 14, 2025 3:50 AM IST
ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷത്തിനായി ഡൽഹിയിൽ സുരക്ഷ കർശനമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തുന്ന ചെങ്കോട്ടയിലും ദേശീയ തലസ്ഥാനനഗരിയിലാകെയും പോലീസും അർധസൈനികവിഭാഗവും സുരക്ഷാകോട്ട തീർത്തു.
ജമ്മു കാഷ്മീരിലടക്കം രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലെ സുരക്ഷയും ശക്തമാക്കിയതായി കേന്ദ്രം അറിയിച്ചു. ചെങ്കോട്ടയിൽനിന്ന് ഒരാഴ്ച മുന്പ് രണ്ടു വെടിയുണ്ട കാഡ്രിഡ്ജുകൾ കണ്ടെത്തിയതു ഭീതി പരത്തിയിരുന്നു.
പതിനായിരം സായുധ പോലീസുകാർ, അർധസൈനിക വിഭാഗങ്ങൾ, ദ്രുതകർമ സേന, ഡ്രോണുകൾ തടയുന്നതിനുള്ള ആന്റിഡ്രോണ് സംവിധാനം, ഓരോ മനുഷ്യരെയും തലയെണ്ണി കണ്ടെത്താവുന്ന തരത്തിൽ സിസിടിവി കാമറകൾ, പോലീസ് വീഡിയോ എന്നിവ ഏർപ്പെടുത്തിയിട്ടുണ്ട്. തലസ്ഥാനനഗരിയിലെ ഓരോ വാഹനവും പരിശോധിക്കാനും തീവ്രവാദ, ഭീകര ഗ്രൂപ്പുകളെ പ്രത്യേകമായി നിരീക്ഷിക്കാനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു ഇന്നു വൈകുന്നേരം ഏഴിന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യും. നാളെ രാവിലെ 7.30നാണ് പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യുക.
രാവിലെ 7.18ന് ചെങ്കോട്ടയുടെ ലഹോർ ഗേറ്റിലെത്തുന്ന പ്രധാനമന്ത്രിയെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് സ്വീകരിക്കും. ഓപ്പറേഷൻ സിന്ദൂർ അടക്കമുള്ളവയും എൻഡിഎ സർക്കാരിന്റെ പ്രധാന പദ്ധതികളും ഏതാനും പ്രഖ്യാപനങ്ങളും മോദി നടത്തുമെന്നാണു പ്രതീക്ഷ.
ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷത്തിൽ 28 സംസ്ഥാനങ്ങളിൽനിന്ന് മലയാളികൾ ഉൾപ്പെടെയുള്ള 210 പഞ്ചായത്ത് പ്രതിനിധികളും പ്രത്യേക അതിഥികളായി പങ്കെടുക്കും.