ശുഭാംശു ശുക്ല നാട്ടിലെത്തുന്നു
Friday, August 15, 2025 12:35 AM IST
ന്യൂഡൽഹി: ബഹിരാകാശ ദൗത്യം പൂർത്തിയാക്കി ഇന്ത്യയുടെ അഭിമാനമായ ശുഭാംശു ശുക്ല നാട്ടിലെത്തുന്നു.
ഈ ആഴ്ച അവസാനം ശുഭാംശു ഇന്ത്യയിലെത്തുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. ഡൽഹിയിലെത്തുന്ന ശുഭാംശു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിക്കും. പിന്നീട് കുടുംബത്തെ കാണാൻ സ്വദേശമായി ലക്നോവിലേക്ക് അദ്ദേഹം പോകും.
ഡൽഹിയിൽ 23ന് നടക്കുന്ന ദേശീയ ബഹിരാകാശ ദിനാഘോഷത്തിൽ അദ്ദേഹം പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു. ആക്സിയം-4 ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായിരുന്നു ശുക്ല. 18 ദിവസമാണ് ശുഭാംശുവും സംഘവും ബഹിരാകാശത്ത് തങ്ങിയത്.
രാജ്യാന്തര ബഹിരാകാശ നിലയം (ഐഎസ്എസ്) സന്ദർശിച്ച ആദ്യ ഇന്ത്യക്കാരനും രാകേഷ് ശർമയ്ക്ക് ശേഷം ബഹിരാകാശയാത്ര നടത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനുമാണ് ശുഭാംശു.