യുവേഫ സൂപ്പര്‍ കപ്പ് പിഎസ്ജിക്ക്
Friday, August 15, 2025 1:46 AM IST
ഉദിനെ (ഇറ്റലി): 2024-25 സീസണ് യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളും യൂറോപ്പ ലീഗ് ചാമ്പ്യന്മാരും തമ്മിലുള്ള സൂപ്പര്‍ കപ്പ് പോരാട്ടത്തില്‍ ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ജെര്‍മെയ്നു (പിഎസ്ജി) കിരീടം.
ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ പിഎസ്ജി ഷൂട്ടൗട്ടിലേക്കു നീണ്ട പോരാട്ടത്തില്‍ 4-3നു ജയം സ്വന്തമാക്കി. 50 മിനിറ്റിനുള്ളില്‍ രണ്ടു ഗോളിന്റെ ലീഡ് നേടിയശേഷമാണ് യൂറോപ്പ ജേതാക്കളായ ഇംഗ്ലീഷ് ക്ലബ് തോല്‍വി വഴങ്ങിയതെന്നതും ശ്രദ്ധേയം.
സോളാറിനു കീഴില്‍ സൂപ്പര്‍ പോര്
ഒരു വര്‍ഷത്തേക്കു മുഴുവന്‍ ആവശ്യമായ വൈദ്യുതി 2,409 സോളാര്‍ പാനലുകളിലൂടെ ലഭ്യമാക്കുന്ന, ഇക്കോ ഫ്രണ്ട്ലി സ്റ്റേഡിയമായ ബ്ലൂനെര്ജിയില് ടോട്ടന്‍ഹാമിന്റെ ആക്രമണത്തോടെയാണ് സൂപ്പര്‍ കപ്പ് ഫൈനല്‍ തുടങ്ങിയത്. റിച്ചാര്‍ലിസണിന്റെ 20 വാര ദൂരെനിന്നുള്ള ഗോള്‍ ഷോട്ട് പിഎസ്ജി അരങ്ങേറ്റക്കാരന്‍ ഗോളി ലൂക്കാസ് ഷെവലിയര്‍ ക്രോസ് ബാറിനു മുകളിലൂടെ കുത്തിയകറ്റി. 39-ാം മിനിറ്റില്‍ മിക്കി വാന്‍ ഡെ വെനിലൂടെ ഇംഗ്ലീഷ് ക്ലബ് ലീഡ് നേടി.
പല്ഹിഞ്ഞയുടെ ഷോട്ടിനുശേഷം റിബൗണ്ടായെത്തിയ പന്ത് മിക്കി വലയിലാക്കുകയായിരുന്നു. 48-ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ റൊമേരൊ ടോട്ടന്‍ഹാമിന്റെ ലീഡ് 2-0 ആക്കി. ടോട്ടന്‍ഹാമിന്റെ പുതിയ ക്യാപ്റ്റനായ റൊമേരൊ ഹെഡറിലൂടെയായിരുന്നു വല കുലുക്കിയത്.
85-ാം മിനിറ്റില്‍ ബോക്സിനു പുറത്തുനിന്നുള്ള ലോംഗ് ഷോട്ടിലൂടെ ലീ കാങ് ഇന്‍ പിഎസ്ജിക്കായി ഒരു ഗോള്‍ മടക്കി. തുടര്‍ന്ന് ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ ഉസ്മാന് ഡെംബെലെയുടെ ക്രോസില്‍നിന്ന് ഗോണ്‍സാലോ റാമോസ് ഹെഡറിലൂടെ പിഎസ്ജിയുടെ സമനില ഗോള്‍ നേടി.
ഷെവലിയർ സേവ്
കരാര്‍ തര്‍ക്കത്തെത്തുടര്‍ന്ന് പിഎസ്ജിവിട്ട ജിയാന്‍ലൂയിജി ഡോണറുമയുടെ പകരക്കാരനായി ഫ്രഞ്ച് ഗോള്‍ കീപ്പര്‍ ലൂക്കാസ് ഷെവലിയറിന്റെ അരങ്ങേറ്റ മത്സരമായിരുന്നു. ഷൂട്ടൗട്ടില്‍ ടോട്ടന്‍ഹാമിന്റെ മൂന്നാം കിക്കെടുത്ത വാന്‍ ഡെ വെന്നിന്റെ ഷോട്ട് ഇടത്തോട്ട് ചാടിയ ലൂക്കാസ് രക്ഷപ്പെടുത്തി. പിഎസ്ജിയുടെ ആദ്യ കിക്കെടുത്ത വിറ്റിഞ്ഞയുടെ ഷോട്ട് പുറത്തേക്കു പാഞ്ഞു.
ടോട്ടന്‍ഹാമിന്റെ നാലാം ഷോട്ട് എടുത്ത ഫ്രഞ്ച് താരം മത്യാസ് ഹെന്റി ടെല്ലിനു പിഴച്ചു. ടെല്ലിന്റെ ഷോട്ട് പുറത്തേക്കു പാഞ്ഞു. ഇതേത്തുടര്‍ന്നു ടെല്ലിനെതിരേ സോഷ്യല്‍ മീഡിയയില്‍ വംശീയാധിക്ഷേപം നടക്കുകയാണെന്നതും ഖേദകരം.
റാമോസ്, ഡെംബെലെ, ലീ കാങ് ഇന്‍, മെന്‍ഡെസ് എന്നിവര്‍ പിഎസ്ജിക്കായി പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചു.