ഹിറ്റ് ഭക്തിഗാനങ്ങളൊരുക്കിയ റവ.ഡോ. ജസ്റ്റിന് പനയ്ക്കലിനു നവതി
Friday, August 15, 2025 12:24 AM IST
സിജോ പൈനാടത്ത്
കൊച്ചി: പൈതലാം യേശുവേ...ഉമ്മവച്ചുമ്മവച്ചുണര്ത്തിയ ആട്ടിടയര്‍... ക്രിസ്തീയ ഭക്തിഗാനശാഖയ്ക്കപ്പുറത്തേക്കും പടര്‍ന്ന ഈ വരികള്‍ക്ക് ഈണമിട്ട റവ.ഡോ. ജസ്റ്റിന് പനയ്ക്കല്‍ നവതിയുടെ നിറവില്‍. യേശുദാസിന്റെയും കെ.എസ്. ചിത്രയുടെയും ശബ്ദങ്ങളില്‍ മലയാളി കേട്ടു നെഞ്ചേറ്റിയ നിരവധി പാട്ടുകള്‍ ഈ കര്‍മലീത്താ വൈദികന്റെ ഹാര്മോണിയപ്പെട്ടിയിലാണു പിറവിയെടുത്തത്.
പനയ്ക്കലച്ചന് ഇന്നോളം ഈണമിട്ടത് 28 പാട്ടുകള്‍ക്ക്. ഇതില്‍ 25 പാട്ടുകളും ഗാനഗന്ധര്വന് യേശുദാസിന്റെ ശബ്ദത്തില്‍ ലോകം കേട്ടുവെന്ന അത്യപൂര്‍വമായ സൗഭാഗ്യം ഫാ. പനയ്ക്കലിന്റെ സംഗീതജീവിതത്തിനെ വേറിട്ടതാക്കുന്നു. മാനസത്തിന് മണിവാതില്‍ തുറന്നീടാന്‍..., സ്നേഹമെഴുന്നള്ളി..., നവ്യമായൊരു കല്പന ഞാന്‍..., മഞ്ഞുപൊതിയുന്ന മാമരം കോച്ചുന്ന... തുടങ്ങി ഭക്തിഗാന ശാഖയില്‍ മലയാളിക്കു മറക്കാനാകാത്ത അനശ്വര ഗാനങ്ങളുടെ ഈണങ്ങളോടു മലയാളി കടപ്പെട്ടിരിക്കുന്നത് ഈ വൈദികനോടാണ്.
യേശുദാസിന്റെ തരംഗിണി മ്യൂസിക്കില്നിന്നുള്ള ഗ്രാമഫോണ്‍ റെക്കോര്ഡായാണു പനയ്ക്കലച്ചന്റെ പാട്ടുകള്‍ ആദ്യകാലത്ത് പുറത്തിറങ്ങുന്നത്. 1983ല്‍ പുറത്തിറങ്ങിയ തളിര്‍മാല്യം ആല്‍ബത്തില്‍ നാലു പാട്ടുകള്‍ യേശുദാസ് പാടി. സ്നേഹപ്രവാഹം എന്നപേരിലിറങ്ങിയ അച്ചന്റെ ഭക്തിഗാന കാസറ്റില്‍, നായകാ ജീവദായകാ..., ഈശോയെന്‍ ജീവാധിനായകാ...എന്നിവയുള്‍പ്പടെ ഹിറ്റ് ഗാനങ്ങള്‍.
കാസറ്റിലെ 12 ഗാനങ്ങളില്‍ 11ഉം പാടിയത് യേശുദാസ് തന്നെ. 1985ല്‍ സ്നേഹസന്ദേശം എന്ന കാസറ്റിലെ രക്ഷകാ ഗായകാ... ഉള്‍പ്പെടെ 12 ഗാനങ്ങളും ഹിറ്റായി. ക്രിസ്മസ് ഗാനങ്ങളില്‍ പനയ്ക്കലച്ചന്-യേശുദാസ്-ചിത്ര കൂട്ടുകെട്ടില്‍ പിറന്ന പാട്ടുകള്‍ക്കു പകരം വയ്ക്കാന്‍ മറ്റൊന്നില്ല.
കുമ്പളങ്ങി പനയ്ക്കല്‍ ജോബിന്റെ മകനാണു ഫാ. ജസ്റ്റിന് പനയ്ക്കല്‍. ജനനം 1935ല്‍. 1952ല്‍ കര്‍മലീത്ത നിഷ്പാദുക സഭ(ഒസിഡി)യുടെ മഞ്ഞുമ്മല്‍ പ്രവിശ്യയിൽ അംഗമായി. 1962 ല്‍ പൗരോഹിത്യം സ്വീകരിച്ചു.
റോമില്‍നിന്നു ദൈവശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും ഡോക്ടറേറ്റും പൂര്‍ത്തിയാക്കി. 1969 മുതല്‍ മംഗലപ്പുഴ പൊന്തിഫിക്കല്‍ സെമിനാരിയില്‍ പ്രഫസറായി സേവനം ചെയ്തു. ഇപ്പോള്‍ കളമശേരിയിലെ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ വിശ്രമജീവിതം.