അധ്യാപക നിയമനാംഗീകാരത്തിൽ സർക്കാരിന്റേത് ഇരട്ടത്താപ്പ്: മാർ ആൻഡ്രൂസ് താഴത്ത്
Sunday, August 17, 2025 1:49 AM IST
തൃശൂർ: അധ്യാപകരുടെ നിയമനാംഗീകാരത്തിൽ സംസ്ഥാന സർക്കാർ ഇരട്ടത്താപ്പുനയം സ്വീകരിക്കുകയാണെന്ന് സിബിസിഐ പ്രസിഡന്റും തൃശൂർ അതിരൂപതാ മെത്രാപ്പോലീത്തയുമായ മാർ ആൻഡ്രൂസ് താഴത്ത്.
കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിൽ തൃശൂർ സെന്റ് തോമസ് കോളജ് പാലോക്കാരൻ സ്ക്വയറിൽ സംഘടിപ്പിച്ച, നിയമനാംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ സമരപ്രഖ്യാപന സമ്മേളനത്തിൽ സമരാഗ്നി തെളിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ സമഗ്രവളർച്ചയ്ക്കു വിദ്യാഭ്യാസമേഖലയിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ ക്രൈസ്തവസമൂഹം സംസ്ഥാന സർക്കാരിൽനിന്നു കടുത്ത വിവേചനമാണു നേരിടുന്നത്. ഇതിനെതിരേ സമുദായം ശക്തമായി പ്രതികരിക്കും. സർക്കാരിൽനിന്നു തുല്യനീതി ലഭിക്കുന്നതുവരെ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും മാർ താഴത്ത് പറഞ്ഞു.
വികാരി ജനറാൾ മോൺ. ജോസ് കോനിക്കര അധ്യക്ഷത വഹിച്ചു. സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ മുഖ്യപ്രഭാഷണം നടത്തി. ടീച്ചേഴ്സ് ഗിൽഡ് ഡയറക്ടർ ഫാ. ജോയ് അടമ്പുകുളം, അതിരൂപത പ്രസിഡന്റ് എ.ഡി. സാജു, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ, ഗിൽഡ് സെക്രട്ടറി ജോഫി മഞ്ഞളി, എൻ.പി. ജാക്സൻ, കോർപറേറ്റ് മാനേജർമാരായ സിസ്റ്റർ റാണി കുര്യൻ, സിസ്റ്റർ സ്റ്റെല്ല മരിയ, സിസ്റ്റർ മരിയ ജോൺ എന്നിവർ പ്രസംഗിച്ചു. ജെലിപ്സ് പോൾ, കെ.ജെ. സെബി, ഓസ്റ്റിൻ പോൾ, ലിൻസൻ പുത്തൂർ, സിനി ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി.
എയ്ഡഡ് അധ്യാപക നിയമനത്തിൽ ഭിന്നശേഷിസംവരണം നടപ്പാക്കണമെന്ന സർക്കാർ ഉത്തരവിനെതുടർന്ന് 2018 മുതലുള്ള സംസ്ഥാനത്തെ അധ്യാപകനിയമനങ്ങൾ തടസപ്പെട്ടിരിക്കുകയാണ്.
ഭിന്നശേഷി വിഭാഗത്തിൽനിന്ന് ആവശ്യമായ അധ്യാപകരെ ലഭ്യമാകാത്തതാണു പ്രശ്നം രൂക്ഷമാക്കിയത്. ഈ സാഹചര്യത്തിലാണ് സംവരണത്തിനാവശ്യമായ തസ്തികകൾ മാറ്റിവച്ച് മറ്റു തസ്തികകളിൽ ജോലിചെയ്യുന്ന അധ്യാപകർക്കു നിയമനാംഗീകാരം നൽകാൻ കോടതിവിധി ഉണ്ടായത്.
ഒരു വിഭാഗം മാനേജ്മെന്റുകളുടെ നിയമനങ്ങൾ അംഗീകരിച്ച സംസ്ഥാന സർക്കാർ ക്രിസ്ത്യൻ മാനേജ്മെന്റുകളുടെ അധ്യാപക നിയമനങ്ങൾ തടഞ്ഞുവച്ചിരിക്കുകയാണ്. ഈ വർഷംതന്നെ നിയമനാംഗീകാരവുമായി ബന്ധപ്പെട്ടു രണ്ടുപേർ ആത്മഹത്യ ചെയ്തിരുന്നു. സർക്കാരിന്റെ ഈ വിവേചനത്തിനെതിരേയാണു സമരപ്രഖ്യാപന സമ്മേളനം നടത്തിയതെന്നു ഭാരവാഹികൾ അറിയിച്ചു.