വിവാദ പരാമര്‍ശങ്ങളുമായി വീണ്ടും വെള്ളാപ്പള്ളി
Sunday, August 17, 2025 1:49 AM IST
രാമപുരം: വീണ്ടും വിവാദ പരാമര്‍ശങ്ങളുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കോട്ടയത്ത് ജനപ്രതിനിധിയായിട്ട് ഒരു ഈഴവൻ മാത്രമേ കാണുകയുള്ളുവെന്നും ബാക്കി എല്ലാവരും കുരിശിന്റെ വഴിയിലാണെന്നും കുരിശിന്റെ വഴിയിലുള്ളവര്‍ക്കേ ഇവിടെ രക്ഷയുള്ളൂ എന്നും വെള്ളപ്പാള്ളി നടേശൻ.
രാമപുരത്ത് ഇന്നലെ എസ്എന്‍ഡിപി മീനച്ചില്‍, കടുത്തുരുത്തി യൂണിയനുകളുടെ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാലായില്‍ ക്രിസ്ത്യന്‍ ആധിപത്യമാണ്.തദ്ദേശ സ്ഥാപനങ്ങളില്‍ പോലും ഈഴവ പ്രാതിനിധ്യം കുറവാണ്.
കെ.എം. മാണി സഹായിച്ചിട്ടുണ്ട്. എല്ലാവര്ക്കും കൊടുക്കുമ്പോള്‍ പൊട്ടും പൊടിയും എസ്എന്‍ ഡിപി യൂണിയന് തന്നിട്ടുണ്ട്. എന്നാല്‍, മാണിയുടെ മകന് സൂത്രക്കാരനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മലപ്പുറത്ത് സാമൂഹിക നീതി നിഷേധിക്കുകയാണ്. ലീഗിന് മുസ്ലിംകൾ അല്ലാത്ത എംഎല്‍എമാര്‍ ഇല്ല. എന്നിട്ടും നാഴികയ്ക്ക് നാല്‍പ്പതു വട്ടം മതേതരത്വം പറയുകയാണെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.വളരുംതോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന കേരള കോണ്‍ഗ്രസുകാര്‍ കേരളത്തിന്റെ സമ്പത്ത് മൊത്തം കൊണ്ടുപോയെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
വര്‍ഗീയവാദികളും അവസരവാദികളും ഈഴവസമുദായത്തെചൂഷണംചെയ്തുകൊണ്ടിരിക്കുകയാണ്. സമുദായത്തിന് പ്രാതിനിധ്യമില്ലാതെ വരികയാണ്.
മാറി മാറി വരുന്ന സര്‍ക്കാരുകള്‍ പള്ളിക്കാര്‍ക്കു സഹായസഹകരണങ്ങള്‍ നല്കുന്നു. ഈഴവരെ അവഗണിക്കുകയാണ്. കേരളത്തില്‍ എസ്എന്‍ഡിപിക്ക് ആകെയുള്ള വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അത്രയും മലപ്പുറത്ത് ഒരു സമുദായത്തിനുണ്ട്. ഈ അസന്തുലിതാവസ്ഥ പരിഹരിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.