ഒറ്റയ്ക്ക് താമസിച്ച സ്ത്രീയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
Monday, August 18, 2025 3:08 AM IST
അമ്പലപ്പുഴ: ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുറക്കാട് പഞ്ചായത്ത് 12-ാം വാര്‍ഡ് തോട്ടപ്പള്ളി ഒറ്റപ്പന പള്ളിക്ക് സമീപം ചെമ്പകപ്പള്ളില്‍ റംലത്തി (58) നെയാണ് കിടപ്പു മുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. കൊലപാതകമാണെന്നു സംശയം.
ഇന്നലെ വൈകിട്ട് 4.30 ഓടെയാണ് വിവരമറിയുന്നത്. ഇവരുടെ പെന്ഷന് കാര്യത്തിനായി തോട്ടപ്പള്ളി മുസ് ലിം ജമാ അത്തില്നിന്നുള്ള ജീവനക്കാരനായ അബൂബക്കര്‍ രാവിലെ 10 ഓടെ വീട്ടിലെത്തിയെങ്കിലും വീട് അടച്ചിട്ടിരിക്കുന്നതിനാല്‍ തിരികെ പോയി.
വൈകിട്ട് ഇവരുടെ തൊട്ടടുത്ത ബന്ധുക്കളായ സ്ത്രീകള്‍ കാണാനെത്തിയപ്പോഴും മുന്‍വാതില്‍ അടഞ്ഞുകിടക്കുകയായിരുന്നു. ഇവര്‍ അടുക്കള ഭാഗത്തെത്തിയപ്പോള്‍ വാതില്‍ തുറന്ന നിലയിലായിരുന്നു.
അകത്തു കയറി നോക്കിയപ്പോഴാണ് കിടപ്പ് മുറിയില്‍ കട്ടിലില്‍ മൃതദേഹം കണ്ടത്. സമീപത്ത് മുളക് പൊടി വിതറിയ നിലയിലും കണ്ടെത്തി. അമ്പലപ്പുഴ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.