പിഎം കുസും സോളാർ പദ്ധതി: വിജിലൻസ് ഡയറക്ടർക്ക് പരാതി
സ്വന്തം ലേഖകൻ
Monday, August 18, 2025 3:08 AM IST
തിരുവനന്തപുരം: കർഷകർക്ക് സൗജന്യമായി സൗരോർജ പന്പ് നൽകാനുള്ള കേന്ദ്രപദ്ധതിയായ പിഎം കുസും പദ്ധതിയിൽ പൊതുമേഖലാ സ്ഥാപനമായ അനെർട്ട് നടത്തിയ 100 കോടിയോളം രൂപയുടെ ക്രമക്കേടുകളെ കുറിച്ചു വിശദ അന്വേഷണം ആവശ്യപ്പെട്ട് കോണ്ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി. ഇതുമായി ബന്ധപ്പെട്ട മുഴുവൻ തെളിവുകളോടുമാണ് പരാതി നൽകിയത്. അനെർട്ട് സിഇഒയെ ഒന്നാം പ്രതിയാക്കിയാണ് പരാതി നൽകിയത്.
അഞ്ചു കോടിക്ക് അകത്തു മാത്രം ടെൻഡർ വിളിക്കാൻ അർഹതയുള്ള അനർട്ട് സിഇഒ 240 കോടി രൂപയുടെ ടെൻഡറാണ് വിളിച്ചത്. 2022 ഓഗസ്റ്റ് 10ന് പുറപ്പെടുവിച്ച ആദ്യ ടെൻഡർ മുതൽ ക്രമക്കേടുകളാണ്. കുറഞ്ഞ നിരക്കു നൽകിയ അതിഥി സോളാർ എന്ന കന്പനി ടെൻഡറിൽനിന്നു പിൻമാറിയതിൽ ക്രമക്കേടുണ്ട്. സാധാരണ കന്പനികൾ പിന്മാറുന്പോൾ അവരുടെ തുക കണ്ടുകെട്ടുന്ന കീഴ്വഴക്കമുണ്ട്. എന്നാൽ ഇവിടെ ഇതൊന്നും സ്വീകരിച്ചില്ല.
റീടെൻഡർ നടത്തിയിട്ടും ടാറ്റാ സോളാറിനെ തെരഞ്ഞെടുക്കാൻ മനഃപൂർവമായ ശ്രമം നടത്തി. താത്കാലിക ജീവനക്കാരുടെ സഹായത്തോടെയാണ് ഇ ടെൻഡറിലെ തുകയിൽ പോലും തിരുത്തൽ നടത്തിയിത്. ഇടപാടുകൾവഴി സർക്കാരിനുണ്ടായ സാന്പത്തിക നഷ്ടം ശരിയായ അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താനാകൂ.
കുറ്റാരോപിതർ പൊതുപണം അപഹരിക്കുന്നതു തടയുന്നതിന് ആവശ്യമായ അന്വേഷണം നടത്തണമെന്നും രമേശ് ചെന്നിത്തലയുടെ പരാതിയിൽ പറയുന്നു.