സംവിധായകന് നിസാര്‍ അന്തരിച്ചു
Tuesday, August 19, 2025 2:04 AM IST
ചങ്ങനാശേരി: പ്രശസ്ത ചലച്ചിത്ര സംവിധായകന് തൃക്കൊടിത്താനം പുലിക്കോട്ടുപടി മംഗ്ലാവ്പറമ്പില് നിസാര്‍ അബ്ദുല്‍ഖാദര്‍ (65) അന്തരിച്ചു.
കരള്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ചികിത്സയില്‍ കഴിയവേ ഇന്നലെ ഉച്ചകഴിഞ്ഞ് ശ്വാസതടസം ഉണ്ടാകുകയും ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴി അന്ത്യം സംഭവിക്കുകയുമായിരുന്നു. സംസ്കാര കര്‍മങ്ങള്‍ ഇന്ന് രാവിലെ ഒമ്പതിന് മകള്‍ സൗമ്യയുടെ വലിയകുളം പാത്തിക്കല്മുക്കിലുള്ള വസതിയില്‍ ആരംഭിച്ച് കബറടക്കം പത്തിന് ചങ്ങനാശേരി പഴയപള്ളി കബര്‍സ്ഥാനില്‍.
ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് കുറഞ്ഞ ചെലവില്‍ സിനിമകള്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റാക്കിയ സംവിധായകനാണ് നിസാര്‍ അബ്ദുല്‍ഖാദര്‍. നാടകത്തിലൂടെ സിനിമയിലേക്കെത്തിയ അദ്ദേഹം ആദ്യം സംവിധാനം ചെയ്ത ചിത്രമാണ് സുദിനം. 1994ലായിരുന്നു ഈ ചിത്രം പുറത്തിറങ്ങിയത്.
ത്രീ മെന്‍ ആര്‍മി (1995), അച്ഛന് രാജാവ് അപ്പന് ജേതാവ് (1995), മലയാളമാസം ചിങ്ങം ഒന്നിന് (1996), പടനായകന് (1996), നന്ദഗോപലന്റെ കുസൃതികള്‍ (1996), ന്യൂസ്പേപ്പര്‍ ബോയ് (1997), അടുക്കള രഹസ്യം അങ്ങാടിപ്പാട്ട് (1998), ബ്രിട്ടീഷ് മാര്‍ക്കറ്റ് (1998), ക്യാപ്റ്റന്‍ (1999), ജനനായകന് (1999), ഓട്ടോ ബ്രദേഴ്സ് (1999), മേരാ നാം ജോക്കര്‍ (2000), അപരന്മാര് നഗരത്തില്‍ (2001), ഗോവ (2001), ഡ്യൂപ്പ്-ഡ്യൂപ്പ്-ഡ്യൂപ്പ് (2001), കായംകുളം കണാരന് (2002), ജഗതി ജഗദീഷ് ഇന്‍ ടൗണ്‍ (2002), താളമേളം (2004), ബുള്ളറ്റ്(2008), ഡാന്‍സ് ഡാന്‍സ് ഡാന്‍സ് (2017), ആറു വിരലുകള്‍ (2017), ടു ഡേയ്സ് (2018), ലാഫിംഗ് അപ്പാര്‍ട്ട്മെന്റ് നിയര്‍ ഗിരിനഗര്‍ (2018) തുടങ്ങിയവ നിസാര്‍ സംവിധാനം ചെയ്ത ചലച്ചിത്രങ്ങളാണ്.
ചങ്ങനാശേരി മംഗ്ലാവ്പറമ്പില് അബ്ദുള്‍ ഖാദറിന്റെയും പെരുന്ന ഗവ.എല്‍പി സ്കൂള്‍ മുന്‍ ഹെഡ്മിസ്ട്രസ് പി.കെ. ഫാത്തിമയുടെയും മകനാണ്. ഭാര്യ: റുക്കിയബീഗം തെങ്ങണ പാലത്തിങ്കല്‍ കുടുംബാംഗം. മക്കള്‍: സൗമ്യ, സിമി. മരുമക്കള്‍: സെയ്ദലി, ഷെബീര്‍.