വിശുദ്ധ എവുപ്രാസ്യമ്മയുടെ തിരുനാളിന് ഇന്നു കൊടിയേറും
Wednesday, August 20, 2025 2:22 AM IST
ഒല്ലൂർ(തൃശൂർ): വിശുദ്ധ എവുപ്രാസ്യ അതിരൂപത തീർഥകേന്ദ്രത്തിലെ തിരുനാൾ ഇന്നു മുതൽ 29 വരെ ആഘോഷിക്കും. ഇന്നു വൈകീട്ട് അഞ്ചിനു തൃശൂർ അതിരൂപത വികാരി ജനറാൾ മോൺ. ജെയ്സൻ കൂനംപ്ലാക്കൽ കൊടിയേറ്റം നിർവഹിക്കും.
24നു വൈകുന്നേരം വാഹനവെഞ്ചരിപ്പ്. 27നു വൈകിട്ട് ദീപാലങ്കാര സ്വിച്ച് ഓൺ കർമം നിർവഹിക്കും.
തിരുനാൾദിനമായ 29നു രാവിലെ ഏഴിനു നടക്കുന്ന ദിവ്യബലിക്കു തീർഥകേന്ദ്രം മുൻ റെക്ടർ ഫാ. റാഫേൽ വടക്കൻ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് ഊട്ടുനേർച്ച വെഞ്ചരിപ്പ്. രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെയാണ് ഊട്ടുനേർച്ചവിതരണം.
രാവിലെ പത്തിനു നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് അതിരൂപത വികാരി ജനറാൾ മോൺ. ജോസ് കോനിക്കര മുഖ്യകാർമികത്വം വഹിക്കും. ഫാ. സനൽ മാളിയേക്കൽ സന്ദേശം നൽകും. ഫാ. ബ്രിൽവിൻ ഒലക്കേങ്കിൽ സഹകാർമികനാകും. ഉച്ചയ്ക്ക് 12നു തീർഥകേന്ദ്രത്തിൽനിന്ന് ഒല്ലൂർ മേരിമാതാ പള്ളിയിലേക്കു ജപമാലപ്രദക്ഷിണം നടക്കും.
വൈകുന്നേരം അഞ്ചിനു നടക്കുന്ന ദിവ്യബലിക്കു രാമനാഥപുരം ബിഷപ് മാർ പോൾ ആലപ്പാട്ട് മുഖ്യകാർമികത്വം വഹിക്കും. ഊട്ടുനേർച്ചയിൽ അമ്പതിനായിരത്തിൽപ്പരം ആളുകൾ പങ്കെടുക്കും.
തീർഥകേന്ദ്രം റെക്ടർ ഫാ. ജോയ് ചിറ്റിലപ്പിള്ളി, സിസ്റ്റർ ഹംബലിൻ, സിസ്റ്റർ റാണി ജോർജ്, തിരുനാൾ ജനറൽ കൺവീനർ ടാജ് ആന്റണി, പബ്ലിസിറ്റി കൺവീനർ ഡേവിസ് കൊള്ളന്നൂർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.