അധ്യാപക സംഘടനകൾക്ക് ഹിതപരിശോധന: അനുകൂലിച്ച് സിപിഎം, കോണ്‍ഗ്രസ്, സിപിഐ സംഘടനകൾ
Wednesday, August 20, 2025 2:22 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ അധ്യാപക സംഘടനകളുടെ അംഗീകാരം സംബന്ധിച്ച് ഹിതപരിശോധന നടത്തുന്നതിനെ അനുകൂലിച്ച് പൊതു സംഘടനകൾ.
ഇന്നലെ പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ സിപിഎം അനുകൂല അധ്യാപക സംഘടനയായ കെഎസ്ടിഎ, കോണ്‍ഗ്രസിന്റെ അധ്യാപക സംഘടനയായ കെപിഎസ്ടിഎ, സിപിഐ സംഘടനയായ എകെഎസ്ടിയു എന്നിവയുടെ പ്രതിനിധികളാണ് റഫറണ്ടത്തെ അനുകൂലിച്ചത്.
ഇതരസംഘടനകൾ എതിർത്തു. ബിജെപി അനുകൂല സംഘടനയായ എൻടിയു റഫറണ്ടത്തെ ഭാഗികമായി അംഗീകരിച്ചു. വോട്ടു ശതമാനം സംബന്ധിച്ച് ഇളവുകൾ വരുത്തണമെന്നാണ് ഇവരുടെ ആവശ്യം.
30ലധികം സംഘടനകളാണ് വിവിധ കാറ്റഗറിയിൽനിന്നും ഇന്നലത്തെ യോഗത്തിൽ പങ്കെടുത്തത്. സംഘടനകളുടെ അഭിപ്രായം ക്രോഡീകരിച്ച് പൊതുവിദ്യാഭ്യാസ സെക്രട്ടറി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.
അധ്യാപക സംഘടനകളുടെ അംഗീകാരത്തിനായി റഫറണ്ടം നടത്തണമെന്ന ആവശ്യത്തിൽ ചിലർ കോടതിയെ സമീപിച്ചതിനെ തുടർന്ന് കോടതി സർക്കാരിനോട് അഭിപ്രായം ചോദിച്ചിരുന്നു. ഇതിൽ സർക്കാർ നിലപാട് കോടതിയെ അറിയിക്കുന്നതിനു മുന്നോടിയായാണ് അധ്യാപക സംഘടനകളുടെ അഭിപ്രായം തേടാൻ തീരുമാനിച്ചത്.