ജയ്നമ്മ വധം: മൃതദേഹം കഷണങ്ങളാക്കി പലയിടത്തായി കുഴിച്ചിട്ടെന്നു സംശയം
Wednesday, August 20, 2025 2:22 AM IST
ചേര്‍ത്തല: ഏറ്റുമാനൂര്‍ സ്വദേശി ജെയ്നമ്മയെ പ്രതി സി.എം. സെബാസ്റ്റ്യന്‍ പള്ളിപ്പുറത്തെ വീട്ടില്‍വച്ചു കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി മുറിച്ച് കുഴിച്ചിട്ടെന്നു പോലീസിനു സംശയം.
തലയ്ക്കടിച്ചാണ് ജയ്നമ്മയെ വധിച്ചതെന്നാണ് പോലീസിന്റെ നിഗമനം. പ്രതിയുടെ വീടിന്റെ സ്വീകരണമുറിയില്‍നിന്നു ലഭിച്ച രക്തത്തുള്ളികളുടെയും മറ്റു തെളിവുകളുടെയും വിശകലനത്തില്‍നിന്നാണ് ഈ നിഗമനത്തിലേക്കു ക്രൈംബ്രാഞ്ച് എത്തിയത്. സെബാസ്റ്റ്യനെ ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ ചില സൂചനകളും നിര്‍ണായകമായി.
കത്തിച്ചോ കുഴിച്ചിട്ടോ?
സെബാസ്റ്റ്യന്റെ വീട്ടിലെ കുളിമുറിയില്‍ രക്തത്തിന്റെ സാന്നിധ്യം കണ്ടെത്തിയതില്‍നിന്നു മൃതദേഹം കഷണങ്ങളായി മുറിച്ചു മാറ്റിയെന്നും പോലീസ് കരുതുന്നു. തുടര്‍ന്ന് മൃതദേഹഭാഗങ്ങള്‍ പുരയിടത്തില്‍ത്തന്നെ പല ഭാഗത്തായി കുഴിച്ചിട്ടിരിക്കാമെന്നാണ് മറ്റൊരു നിഗമനം.
വീട്ടുവളപ്പില്‍ മൃതദേഹത്തിന്റെ ചില ഭാഗങ്ങള്‍ മാത്രം കണ്ടെത്തിയതാണ് ഈ നിഗമനത്തിലേക്കു നയിച്ചത്. അതേസമയം, കൊലപാതകത്തിനു ശേഷം ശരീരം മുറിച്ചു കത്തിക്കാനുള്ള സാധ്യതയും പോലീസ് തള്ളുന്നില്ല.
ഡിഎൻഎ ഫലം
വീട്ടുവളപ്പില്‍നിന്നു ലഭിച്ച മൃതദേഹഭാഗങ്ങളുടെ ഡിഎന്‍എ പരിശോധനാഫലം ഇതുവരെ ലഭിച്ചിട്ടില്ല. എങ്കിലും മറ്റു ശാസ്ത്രീയ പരിശേധനകളുടെ വിവരങ്ങള്‍ വച്ച് ജയ്നമ്മയുടേതാണെന്നാണ് പോലീസ് കരുതുന്നത്. പുരയിടത്തില്‍ നടത്തിയ പരിശോധനയില്‍നിന്നു ലഭിച്ച ശരീരഭാഗങ്ങള്‍ കത്തിച്ചതിന്റെ ബാക്കിയായിരുന്നു.
ഇതാണ് ഡിഎന്‍എ ഫലം വരാന്‍ വൈകുന്നത്. രക്തക്കറ ജയ്നമ്മയുടേതാണെന്നു സ്ഥിരീകരിച്ചിരുന്നു. ഡിഎന്‍എ ഫലം ലഭിച്ച ശേഷം പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനാണ് കോട്ടയം ക്രൈം ബ്രാഞ്ചിന്റെ തീരുമാനം.