തെരുവുനായ ശല്യം ; സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധം
Wednesday, August 20, 2025 1:54 AM IST
തിരുവനന്തപുരം: തെരുവുനായ ശല്യം പരിഹരിക്കാൻ സർക്കാർ ഇടപെടലുണ്ടാകാത്തതിൽ പ്രതിഷേധിച്ചു സെക്രട്ടേറിയറ്റിനു മുന്നിൽ സമരം.
കേരളത്തിലെ റസിഡൻസ് അസോസിയേഷനുകളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷൻ ഓഫ് റസിഡൻസ് അസോസിയേഷൻ ആൻഡ് വെൽഫെയർ അസോസിയേഷൻ (കോർവ കേരള) സെക്രട്ടേറിയറ്റിനു മുന്നിൽ സംഘടിപ്പിച്ച ധർണ ഗവ. മുൻ പ്രിൻസിപ്പൽ സെക്രട്ടറി ബിജു പ്രഭാകർ ഉദ്ഘാടനം ചെയ്തു.
മനുഷ്യജീവനേക്കാൾ മറ്റൊരു ജീവിക്കും പ്രാധാന്യം നൽകേണ്ടെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ തെരുവുനായ ആക്രമണം തടയാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബിജു പ്രഭാകർ ആവശ്യപ്പെട്ടു.
മനുഷ്യരെ കടിക്കുന്നവ, പേ ബാധിച്ചവ, മനുഷ്യ ജീവനാശത്തിന് കാരണമാകുന്നവ, മറ്റു രീതിയിൽ ആക്രമിക്കുന്ന വിഭാഗങ്ങളിലെ തെരുവുനായ്ക്കളെ ആദ്യഘട്ടത്തിൽ ഉന്മൂലനം ചെയ്യണം.
രണ്ടാംഘട്ടമായി തെരുവു നായ്ക്കളെ പിടികൂടി മൈക്രോ ചിപ്പ് ഘടിപ്പിച്ച് സ്റ്റെറിലൈസ് ചെയ്തു വിടണം, പിന്നീട് ഇവ ആക്രമണകാരികൾ ആകുന്ന പക്ഷം അവയെ കൊല്ലുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.