പലിശക്കാരുടെ ഭീഷണി; യുവതി പുഴയിൽ ചാടി മരിച്ചു
Wednesday, August 20, 2025 1:54 AM IST
പറവൂർ: പലിശയ്ക്കു പണം വാങ്ങിയതിന്റെ പേരിൽ വീട്ടിലെത്തി അടിക്കടി ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് യുവതി പുഴയിൽ ചാടി ജീവനൊടുക്കി.
കോട്ടുവള്ളി പുളിക്കത്തറ വീട്ടിൽ ആശ ബെന്നി (46) യാണു മരിച്ചത്. ഇന്നലെ ഉച്ചയോടെ വീട്ടിൽനിന്നു കാണാതായ ഇവരെ അന്വേഷണത്തിൽ സമീപത്തെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിന് ഉത്തരവാദികളായവരുടെ പേരുകളടങ്ങിയ ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
കോട്ടുവള്ളി സ്വദേശിയായ ഒരു റിട്ട.പോലീസ് ഉദ്യാഗസ്ഥനിൽനിന്ന് പല ഘട്ടങ്ങളിലായി ഇവർ 10 ലക്ഷം രൂപ വാങ്ങിയിരുന്നു. ഇതു പലതവണയായി കൊടുത്തുതീർത്തിരുന്നതായും പറയുന്നു. എന്നാൽ കൂടുതൽ തുക നൽകാനുണ്ടെന്നും എത്രയും വേഗം നൽകണമെന്നും ആവശ്യപ്പെട്ട് ഇയാൾ ഇവരുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ പറയുന്നു. മാനസികസമ്മർദത്തെ തുടർന്ന് നാലു ദിവസം മുന്പ് ഇവർ കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചിരുന്നു.
ഇതേത്തുടർന്ന് എസ്പി ഓഫീസിൽ ഇരുകൂട്ടരെയും വിളിച്ചുവരുത്തി ചർച്ചകൾ നടത്തി ഇനി വീടു കയറി ഭീഷണിപ്പെടുത്തരുതെന്നും തുടർന്നാൽ നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞിരുന്നു.
എന്നാൽ തിങ്കളാഴ്ച രാത്രി പണം നൽകിയയാളും ഏതാനും ചിലരും ആശയുടെ വീട്ടിലെത്തി ബഹളമുണ്ടാക്കിയതായും മാനസികസമ്മർദവും അപമാനവുമാണ് മരണത്തിലേക്കു നയിച്ചതെന്നും ബന്ധുക്കൾ പറയുന്നു.