മമ്മൂട്ടി ചികിത്സയ്ക്കുശേഷം ഷൂട്ടിംഗ് ലൊക്കേഷനിലേക്ക്
Wednesday, August 20, 2025 2:23 AM IST
കൊച്ചി: ചികിത്സയ്ക്കായി ഏഴു മാസത്തോളം സിനിമയിൽനിന്നു വിട്ടുനിന്ന മെഗാ സ്റ്റാർ മമ്മൂട്ടി മടങ്ങിയെത്തുന്നു.
ചെന്നൈയിലുള്ള താരം പൂർണ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. വിവിധ മെഡിക്കൽ പരിശോധനകളുടെ ഫലങ്ങൾ ഇന്നലെ ലഭിച്ചതോടെയാണു സ്ഥിരീകരണം.
വൈകാതെ താരം കേരളത്തിലേക്കു മടങ്ങും. സെപ്റ്റംബറിൽ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ ഭാഗമാകുമെന്ന് മമ്മൂട്ടിയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. രോഗമുക്തിയെക്കുറിച്ച് നിർമാതാവ് ആന്റോ ജോസഫ് ഇന്നലെ രാവിലെ സമൂഹമാധ്യമത്തിൽ കുറിച്ചതോടെയാണ് മമ്മൂട്ടിയുടെ തിരിച്ചുവരവിനെക്കുറിച്ചുള്ള സൂചന ആദ്യം പുറത്തറിയുന്നത്.
""ലോകമെമ്പാടുമുള്ള ഒരുപാടുപേരുടെ പ്രാർഥന ഫലം കണ്ടു. ദൈവമേ നന്ദി, നന്ദി, നന്ദി''- ആന്റോ കുറിച്ചു. നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന "കളങ്കാവിൽ’ എന്ന സിനിമയാണ് തിയേറ്ററുകളിലെത്തുന്ന അടുത്ത മമ്മൂട്ടിചിത്രം.