കിണറ്റിൽ വീണ രണ്ടരവയസുകാരിയെ രക്ഷിക്കാൻ പിതാവ് പിന്നാലെ ചാടി
Wednesday, August 20, 2025 2:23 AM IST
കടുത്തുരുത്തി: കിണറ്റില്‍ വീണ രണ്ടരവയസുകാരിയെ രക്ഷിക്കാൻ പിതാവ് 40 അടി താഴ്ചയുള്ള കിണറ്റിലേക്ക് ചാടി. കുഞ്ഞിനെയും പിതാവിനെയും കരകയറ്റാൻ സിനിമ സഹസംവിധായകനും തൊഴിലാളിയും പിന്നാലെ ഇറങ്ങി.
മാഞ്ഞൂര്‍ തൂമ്പില്‍പറമ്പില്‍ സിറിലിന്റെ മകള്‍ ലെനറ്റ് സിറിൽ (രണ്ടര) ആണ് ചെറിയ ഉയരത്തില്‍ ചുറ്റുമതില്‍ കെട്ടിയ 40 അടി താഴ്ചയുള്ള കിണറ്റിലേക്കു വീണത്. ഉടന്‍തന്നെ പിതാവ് സിറിൽ കുഞ്ഞിനെ രക്ഷിക്കാനായി കിണറ്റിലേക്കു ചാടി.
കുഞ്ഞിനെ വെള്ളത്തിൽ ഉയർത്തിപ്പിടിച്ചു നിന്നെങ്കിലും കരയ്ക്കു കയറാൻ സിറിലിനു കഴിഞ്ഞില്ല. ഇതോടെ ഇരുവരെയും രക്ഷിക്കാനായി സിനിമ സഹസംവിധായകനായ ഇരവിമംഗലം നീലംപടത്തിൽ തോമസ്കുട്ടി രാജുവും മറ്റൊരു തൊഴിലാളി വി.എം. മാത്യുവും കിണറ്റിലേക്ക് ഇറങ്ങി. ഇവരും കിണറ്റിൽ കുടുങ്ങിയതോടെ കടുത്തുരുത്തി ഫയർഫോഴ്സ് എത്തിയാണ് എല്ലാവരെയും പുറത്തെടുത്തത്.
ഇന്നലെ വൈകുന്നേരം 3.45 ഓടെ കടുത്തുരുത്തി ഇരവിമംഗലം പബ്ലിക് ലൈബ്രറിക്കു സമീപമായിരുന്നു സംഭവം. ഖത്തറില്‍ നഴ്സായ സിറിൽ ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. താമസിക്കാനായി വീട് നോക്കാനാണ് സിറിലും മകളും ഭാര്യ ആന്‍ മരിയയുടെ പിതാവ് സിറിയക്കും അമ്മ ആനിയമ്മയും തിരുവല്ല സ്വദേശി ജെറിന്റെ കക്കത്തുമലയിലെ വീട്ടിലെത്തുന്നത്.
വീട് സൂക്ഷിക്കുന്നത് തോമസുകുട്ടിയാണ്. മറ്റുള്ളവർ വീടു നോക്കുന്നതിനിടെ ലെനറ്റ് മുറ്റത്തെ കിണറ്റിലേക്കു കാല്‍വഴുതി വീഴുകയായിരുന്നു. സിറിൽ കിണറ്റിലേക്കു ചാടി കുഞ്ഞിനെ മുങ്ങിയെടുത്തു. എന്നാല്‍, തിരികെ കയറാന്‍ കഴിഞ്ഞില്ല.
തോമസുകുട്ടിയും വീടിനു സമീപം ഉണ്ടായിരുന്ന മാത്യുവും കിണറ്റില്‍ ഇറങ്ങി താങ്ങി. ഇതിനിടെ, കുട്ടിയെ എടുത്തു നിന്നിരുന്ന സിറിൽ കുഴഞ്ഞു. ഉടനെ തോമസുകുട്ടി കുട്ടിയെ വാങ്ങി, സിറിലിനെ മോട്ടോര്‍ പൈപ്പില്‍ പിടിച്ചു നിര്‍ത്തിച്ചു. തുടര്‍ന്ന് കടുത്തുരുത്തി ഫയര്‍ഫോഴ്സ് എത്തി ഏണിയും വലയും ഉപയോഗിച്ചാണ് ഇവരെ രക്ഷിച്ചത്. സിറിലിനെയും ലെനറ്റിനെയും മുട്ടുചിറ എച്ച്ജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.