കുടുംബശ്രീ ‘ഹാപ്പി കേരളം’ പദ്ധതി നഗരപ്രദേശങ്ങളിലേക്കും
Thursday, August 21, 2025 2:02 AM IST
സീമ മോഹൻലാൽ
കൊച്ചി: സംസ്ഥാനത്തെ കുടുംബങ്ങളുടെ സന്തോഷസൂചിക ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ നടപ്പാക്കിയ "ഹാപ്പി കേരളം' പദ്ധതി ഇനി നഗരങ്ങളിലേക്കും. 12 ജില്ലകളിലെ നഗരപ്രദേശങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട 14 മാതൃകാ സിഡിഎസുകളില്‍ ഈ മാസം അവസാനത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്.
കുടുംബങ്ങളിലെ സന്തോഷസൂചിക ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളാണ് ഇതില്‍ വരിക. വ്യക്തികളുടെ പ്രശ്നങ്ങളും പ്രയാസങ്ങളും തിരിച്ചറിയാനും പരിഹരിക്കാനുമുള്ള ഇടപെടലുകള്‍ ഉള്‍പ്പെടെ വിപുലമായ പ്രവര്‍ത്തനരീതിയാണു പദ്ധതിക്കുള്ളത്.
ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ആരോഗ്യം, മാനസികാരോഗ്യം എന്നീ വിഷയങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളാണു നടക്കുക. ഇതിനായി ഡോക്ടര്‍മാര്‍, സൈക്യാട്രിസ്റ്റുകള്‍, സൈക്കോളജിസ്റ്റുകള്‍ എന്നിവരുടെ റിസോഴ്സ് ടീം രൂപീകരിച്ച് അവര്‍ക്കു പരിശീലനം നല്‍കിക്കഴിഞ്ഞു.
കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് ഗ്രാമപ്രദേശങ്ങളിലെ 152 മാതൃകാ സിഡിഎസുകളില്‍ വിജയകരമായി നടപ്പാക്കിവരുന്ന പദ്ധതിയാണ് നഗരങ്ങളിലേക്കുകൂടി വ്യാപിപ്പിക്കുന്നത്.
20 കുടുംബങ്ങള്‍ക്ക് ഒരു ഇടം
സിഡിഎസുകളില്‍ 15 മുതല്‍ 20 വരെ കുടുംബങ്ങളെ ഉള്‍പ്പെടുത്തി ഇടങ്ങള്‍ രൂപീകരിച്ചാണു പ്രവര്‍ത്തനം.
തുടക്കത്തില്‍ മാതൃകാ സിഡിഎസില്‍ ഒരു എഡിഎസ് തെരഞ്ഞെടുത്ത് അവിടെ അഞ്ച് ഇടങ്ങള്‍ രൂപീകരിക്കും. അഞ്ചും ഒരേ വാര്ഡില്ത്തന്നെയായിരിക്കും. വാര്‍ഡില്‍ അടുത്തടുത്തുവരുന്ന 20 കുടുംബങ്ങളെ ഒരു ഇടമായി കണക്കാക്കും.
ഒരു കുടുംബത്തിലെ മുഴുവന്‍ അംഗങ്ങള്‍ക്കും ക്ലാസില്‍ പങ്കെടുക്കാം. ഓരോ ഇടത്തിനും അനുയോജ്യമായ മൈക്രോ പ്ലാന്‍ തയാറാക്കും.
ജില്ലകളില്‍ മാതൃകാ സിഡിഎസുകളിലെ മൈക്രോ പ്ലാനുകള്‍ ക്രോഡീകരിച്ചു സംസ്ഥാനതല മൈക്രോപ്ലാന്‍ രൂപീകരിക്കുമെന്ന് കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ ഡോ. പി. ശ്രീജിത് പറഞ്ഞു.