തേഞ്ഞിപ്പലത്ത് 11കാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം
Thursday, August 21, 2025 2:02 AM IST
തേഞ്ഞിപ്പലം: തേഞ്ഞിപ്പലത്ത് പതിന്നൊന്നു വയസുള്ള വിദ്യാർഥിനിക്ക് അമീബിക് മസ്തിഷ്ക ജ്വരം. കുട്ടി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലാണ്. തേഞ്ഞിപ്പലം പഞ്ചായത്ത് 13-ാം വാർഡിൽപ്പെട്ട കുട്ടിക്ക് ഇന്നലെയോടെയാണ് രോഗം സ്ഥിരീകരിച്ചത്.
തേഞ്ഞിപ്പലത്തെ ബീരാൻതോട്, കോഴിക്കോട് കണ്ണാടിക്കലിലെ സ്വിമ്മിംഗ് പൂൾ എന്നിവിടങ്ങളിൽ കുളിച്ച കുട്ടിക്ക് ഏഴിനാണ് പനി അടക്കമുള്ള ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് തേഞ്ഞിപ്പലം കുടുംബാരോഗ്യ കേന്ദ്രത്തിലും ഭേദമാകാത്തതിനെ തുടർന്ന് ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.
രോഗം മൂർച്ഛിച്ചതോടെ ചൊവ്വാഴ്ച ഉച്ചയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിദഗ്ധ പരിശോധനയിൽ അമീബിക് മസ്തിഷ്ക ജ്വരമാണ് കുട്ടിയെ ബാധിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. എന്നാൽ രോഗത്തിന്റെ ഉറവിടം കണ്ടെത്താനിയിട്ടില്ലെന്ന് തേഞ്ഞിപ്പലം ഹെൽത്ത് ഇൻസ്പെക്ടർ കെ.എം. ശ്രീജിത്ത് പറഞ്ഞു.