യൂത്ത് കോണ്‍ഗ്രസ് സമ്പർക്കയാത്രയിൽനിന്നു വിട്ടുനിന്ന് ചാണ്ടി ഉമ്മന്‍
Thursday, August 21, 2025 2:02 AM IST
കോഴിക്കോട്: കോഴിക്കോട് നടന്ന യൂത്ത് കോൺഗ്രസിന്റെ യുവജന സമ്പർക്കയാത്രയിൽനിന്നു ചാണ്ടി ഉമ്മന്‍ എംഎല്‍എ വിട്ടുനിന്ന സംഭവം വിവാദത്തില്‍. ചാണ്ടി ഉമ്മനെതിരേ ഡിസിസി നേതൃത്വം പരസ്യമായ നിലപാട് സ്വീകരിച്ചു.
നഗരത്തില്‍ ഉണ്ടായിരുന്നിട്ടും സമരത്തില്‍ പങ്കെടുക്കാതിരുന്നത് ശരിയായില്ലെന്ന് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചതോടെ ഡിസിസി പ്രസിഡന്റിന്റെ വീട്ടിലെത്തി ചാണ്ടി ഉമ്മന്‍ എംഎല്‍എ ചര്‍ച്ച നടത്തി. ചാണ്ടി ഉമ്മന്റെ നിലപാടിനെതിരേ ഡിസിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ സംസ്ഥാന നേതൃത്വത്തെ പ്രതിഷേധമറിയിച്ചു.
അതേസമയം ആവശ്യമില്ലാത്ത വിവാദമെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. പാർട്ടിക്കുള്ളിൽ ഒരു പ്രശ്നവുമില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഈ പരിപാടിക്ക് ഡിസിസി ക്ഷണിക്കാത്തതുകൊണ്ടല്ല പോകാതിരുന്നത്. ‘ദുബായിൽനിന്ന് വെളുപ്പിന് മൂന്നരയ്ക്കാണ് വന്നത്. ഞാൻ ഒരു മനുഷ്യനല്ലേ? പുലർച്ചെ അഞ്ചിനാണ് വന്നു കിടന്നത്, എല്ലാം വിവാദമാക്കിയാൽ എന്ത് ചെയ്യും? അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കമ്മ്യൂണിക്കേഷന്റെ പ്രശ്നമാണ് ഉണ്ടായതെന്ന് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ പ്രതികരിച്ചു. രാവിലെ ചാണ്ടിയെ വിളിച്ചു പരിപാടിയിൽ പങ്കെടുക്കുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു.
സമയം സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടായി എന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു. പാർട്ടിയിൽ പ്രശ്ങ്ങളില്ല. സിദ്ദിഖ് വിഭാഗം ഷാഫി വിഭാഗം എന്നൊന്നും പാർട്ടിയിൽ ഇല്ല. ചാണ്ടിയോട് കാര്യങ്ങൾ അന്വേഷിക്കുക മാത്രമാണ് ഉണ്ടായത്. വിശദീകരണം ചോദിച്ചിട്ടില്ലെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.
വിവാദങ്ങൾക്കിടെ ചാണ്ടി ഉമ്മനുമായുള്ള കൂടികാഴ്ചയ്ക്ക് ശേഷം കമ്യൂണിക്കേഷൻ ഗ്യാപ്പാണെന്നായിരുന്നു ഇരുനേതാക്കളുടെയും പ്രതികരണം. പരിപാടി ചാണ്ടി ഉമ്മനായിരുന്നു ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. ചാണ്ടി ഉമ്മന്റെ ചിത്രം അടക്കമുള്ള പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു.