യുവനേതാവില്‍നിന്ന് മോശം അനുഭവമുണ്ടായെന്നു നടി റിനി ആന്‍ ജോര്‍ജ്
Thursday, August 21, 2025 2:02 AM IST
കൊച്ചി: യുവനേതാവില്‍നിന്ന് മോശം അനുഭവമുണ്ടായെന്നു നടിയും മുന്‍ മാധ്യമപ്രവര്‍ത്തകയുമായ റിനി ആന്‍ ജോര്‍ജ്. മൂന്നര വര്‍ഷം മുമ്പായിരുന്നു ആദ്യ അനുഭവം.
നിരവധി തവണ അശ്ലീല സന്ദേശങ്ങള്‍ അയച്ചു. ഇക്കാര്യങ്ങളെല്ലാം അവരുടെ പ്രസ്ഥാനത്തിലെ നേതാക്കളോടു പരാതിയായി പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നും റിനി കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
പുറത്ത് പരാതിപ്പെടുമെന്നു പറഞ്ഞപ്പോള്‍ പോയി പറയാനായിരുന്നു നേതാവിന്റെ മറുപടി. “ഹു കെയേഴ്സ്” എന്നാണു നേതാവിന്റെ മനോഭാവം. നേതാവിന്റെ പേര് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. എന്നാല്‍ ഇനി അക്കാര്യം ആലോചിക്കുമെന്നും റിനി മാധ്യമങ്ങളോട് പറഞ്ഞു.
സോഷ്യല്‍ മീഡിയയിലൂടെയാണ് നേതാവിനെ പരിചയപ്പെട്ടത്. പരിചയപ്പെട്ട ഉടനെ തന്നെ മോശം പെരുമാറ്റം ഉണ്ടായി. എന്നാല്‍ അപ്പോള്‍തന്നെ പ്രതികരിച്ചുവെന്നും ഇതിനുശേഷം കുറച്ചു നാളത്തേക്ക് കുഴുപ്പമൊന്നും ഉണ്ടായില്ലെന്നും റിനി പറഞ്ഞു.
ഇയാളില്‍നിന്നു പീഡനം നേരിട്ട പെണ്‍കുട്ടികളുണ്ട്. ഈ പെണ്‍കുട്ടികളെ തനിക്കറിയാം. തുറന്നുപറയാന്‍ മടിയുള്ള നിരവധി പേരുണ്ട്. അവരെല്ലാം മുന്നോട്ടുവരണം. പാര്‍ട്ടി അയാളെ സംരക്ഷിക്കുകയാണ്. നേതാവിന്റെ പേര് പറയാത്തത് ആ പ്രസ്ഥാനത്തില്‍ ഉള്ളവരുമായുള്ള അടുപ്പം കൊണ്ടാണെന്നും റിനി പറഞ്ഞു.