മകനെതിരേയുള്ള ആരോപണം അസംബന്ധമെന്ന് ആവർത്തിച്ച് ഗോവിന്ദൻ
Friday, August 22, 2025 2:15 AM IST
തിരുവനന്തപുരം: തനിക്കും മകനുമെതിരേയുള്ള വ്യവസായി മുഹമ്മദ് ഷെർഷാദിന്റെ ആരോപണം അസംബന്ധമാണെന്ന് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
ആക്ഷേപം ഉന്നയിച്ച വ്യക്തിക്കെതിരെ നിയമപരമായ നടപടി സ്വീകരിച്ചുവരികയാണ്. ആളിക്കത്തിക്കാൻ മാധ്യമങ്ങൾ ശ്രമിച്ച വിവാദം വെറും 24 മണിക്കൂർ കൊണ്ട് ആവിയായി പോയി. വ്യവസായി രാജേഷ് കൃഷ്ണ കേരളത്തിലെ പാർട്ടി അംഗത്വമുള്ള ആളല്ല.
വിദേശത്തുള്ള അദ്ദേഹം പ്രവർത്തിക്കുന്ന പാർട്ടി ഘടകത്തിന്റെ നിയന്ത്രണം സിപിഎം കേന്ദ്ര കമ്മിറ്റിക്കാണെന്നും എങ്ങനെയാണു പാർട്ടിക്കു നൽകിയ പരാതി ചോർന്നതെന്നടക്കമുള്ള കാര്യങ്ങൾ സിപിഎം പോളിറ്റ്ബ്യൂറോ അന്വേഷിച്ചുവരികയാണ്.
2026 മേയ്വരെ സിപിഎമ്മിനും സർക്കാരിനുമെതിരെ നിരന്തരം ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. ഇതു പാർട്ടി നേരത്തേ തിരിച്ചറിഞ്ഞിട്ടുള്ള കാര്യമാണ്. ഇതിനുപിന്നിൽ ഒരു മാധ്യമ സിൻഡിക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.