നീതിനിഷേധത്തിന്റെ ഇരകളായി 17,000 അധ്യാപകര്‍
Friday, August 22, 2025 3:17 AM IST
ജോമി കുര്യാക്കോസ്
കോട്ടയം: അധ്യാപികയായ ഭാര്യക്ക് 14 വര്‍ഷമായിട്ടും ശമ്പളം ലഭിക്കാതിരുന്നതിനെത്തുടര്‍ന്നു മനംനൊന്ത് ഭര്‍ത്താവ് ജീവനൊടുക്കിയത് പത്തനംതിട്ടയിലാണ്. അഞ്ചും ആറും വര്‍ഷമായി ശമ്പളം ലഭിക്കാത്ത അധ്യാപകര്‍ നൂറോ ആയിരമോ അല്ല. ഇവരില്‍ 90 ശതമാനവും സ്ത്രീകളും വിവാഹിതരുമാണെന്നത് ദുരിതത്തിന്റെ ആഘാതം വര്‍ധിപ്പിക്കുന്നു.
ഭിന്നശേഷി നിയമനം, സ്ഥാനക്കയറ്റം, സ്ഥലമാറ്റം ഉള്‍പ്പെടെ പല കുരുക്കുകളുടെയും ഇരകളാണ് ഇവരെല്ലാം. വിദ്യാഭ്യാസ വകുപ്പിലെ മെല്ലെപ്പോക്കും മറ്റൊരു പരിമിതിയാണ്. 17,0 00ല്‍ അധികം അധ്യാപകരാണ് നിയമനത്തിന് സര്‍ക്കാര്‍ അംഗീകാരം കാത്തിരിക്കുന്നത്. എയ്ഡഡ് സ്കൂള്‍ അധ്യാപകരാണ് ദുരിതമനുഭവിക്കുന്നരിലേറെയും. ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട ഉത്തരവിന്റെ പേരില്‍ നാലു വര്‍ഷത്തിലേറെയായി എയ്ഡഡ് അധ്യാപക നിയമനം മരവിച്ച അവസ്ഥയിലാണ്.
ജോലിയില്‍ പ്രവേശിച്ചവരെല്ലാം ദിവസവേതനം പറ്റിയാണ് ജോലി ചെയ്യുന്നത്. ഇത്തരത്തിലുള്ളവര്‍ക്ക് വിദ്യാഭ്യാസ ഓഫീസില്‍നിന്നു മാസങ്ങള്‍ക്കുശേഷമാണ് ശന്പളം പാസാക്കി നല്‍കുന്നത്. 2018 മുതല്‍ സ്ഥിരനിയമനാംഗീകാരമില്ലാതെ ആയിരക്കണക്കിന് അധ്യാപകര്‍ ക്രിസ്ത്യന്‍ മാനേജ്മെന്റ് സ്കൂളുകളില്‍ ജോലി ചെയ്യുന്നു. ശന്പളം ലഭിക്കാത്തതിനാല്‍ അധ്യാപനവൃത്തിക്കിടെ മറ്റ് ജോലികള്‍ ചെയ്തു കുടുംബം പോറ്റുന്നവരുമുണ്ട്.
ഭിന്നശേഷി സംവരണം സ്കൂളുകളില്‍ നടപ്പിലാക്കാന്‍ തയാറാണെന്ന് ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ സര്‍ക്കാരിന് സത്യവാങ്മൂലം നല്കിയിട്ടുള്ളതാണ്. കോടതി വിധിയനുസരിച്ച് അത്തരത്തിലുള്ള മുഴുവന്‍ ഒഴിവുകളും മാനേജ്മെന്റുകള്‍ ഒഴിച്ചിട്ടിട്ടുമുണ്ട്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ലഭ്യമായ മുഴുവന്‍ പേരെയും നിയമിച്ചു കഴിഞ്ഞു. പാലാ കോര്പറേറ്റിനു കീഴില്‍ 43 ഭിന്നശേഷി തസ്തിക വരുമെന്നതിരിക്കേ ഇതുവരെ നിയമിക്കാനായത് 20 പേരെ മാത്രം. ഇവിടെ മാത്രം 600 അധ്യാപകരാണ് നിയമനം കാത്തിരിക്കുന്നത്.
ദിവസവേതനത്തില്‍ ജോലി ചെയ്യുന്ന ഇവര്‍ക്ക് ചട്ടപ്രകാരമുള്ള ഇന്‍ക്രിമെന്റ്, ഗ്രേഡ് എന്നിവ ലഭിക്കുന്നില്ല. അവധി ആനുകൂല്യവും ലഭിക്കാറില്ല. ഇത്തരം അധ്യാപകര്‍ പ്രസവാവധി ഉള്‍പ്പെടെ എടുത്താല്‍ മാനേജ്മെന്റിനു പകരം അധ്യാപകരെ നിയമിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ട്. ഭിന്നശേഷി സംവരണം സുപ്രീംകോടതിയില്‍ ചോദ്യം ചെയ്ത എന്‍എസ്എസ് മാനേജ്മെന്റിന് സര്‍ക്കാര്‍ അനുകൂല ഉത്തരവ് പുറപ്പെടുവിച്ച് നിയമനാംഗീകാരം നല്കുമ്പോള്, സമാന സ്വഭാവമുള്ള സൊസൈറ്റികള്‍ ക്കും ഏജന്‍സികള്‍ക്കും ഈ വിധി ബാധകമാണെന്നു പരാമര്‍ശിച്ചിരുന്നു. സുപ്രീംകോടതി ഉത്തരവും നാലു മാസത്തിനകം പ്രശ്നപരിഹാരമുണ്ടാക്കണമെന്ന ഹൈക്കോടതി വിധിയും നടപ്പിലാക്കാതെ വഞ്ചിച്ചതായി അധ്യാപകര്‍ ആരോപിക്കുന്നു.
ഭിന്നശേഷി സംവരണത്തിനു തസ്തിക മാറ്റിവയ്ക്കുന്ന സ്കൂളുകളിലെ നിയമനം പാസാക്കണമെന്ന അഭ്യര്‍ഥന സര്‍ക്കാര്‍ തള്ളിയതോടെ പ്രതിസന്ധി രൂക്ഷമായി. കാത്തലിക്, എന്‍എസ്എസ്, എസ്എന്‍ഡിപി മാനേജുമെന്റുകളിലെയും സിംഗിള്‍ മാനേജ്മെന്റിലെയുംഅധ്യാപകരാണ് നിയമന ഉത്തരവ് കാത്തിരിക്കുന്നത്.
പല കോര്‍പറേറ്റുകളിലും ഏറെ സ്കൂളുകളുള്ളതിനാല്‍ വിദൂര സ്ഥലങ്ങളിലായിരിക്കും ആദ്യ നിയമനം. ഇവിടങ്ങളില്‍ താമസിച്ചു വേണം ജോലി ചെയ്യാന്‍. അത്തരത്തിലും ചെലവു വര്‍ധിക്കും. പലരും കുട്ടികളുടെ എണ്ണത്തിലെ കുറവുമൂലം പോസ്റ്റ് നഷ്ടമാകുമെന്ന ഭീതിയില്‍ നില്ക്കുന്നവരുമാണ്.
2018 മുതല്‍ 2021 വരെ അധ്യാപക നിയമനങ്ങള്‍ സര്‍ക്കാര്‍ താത്കാലികമായാണ് അംഗീകരിച്ചിരിക്കുന്നത്. 2021നുശേഷം മാനേജ്മെന്റ് സ്കൂളുകളിലെ മുഴുവന്‍ നിയമനങ്ങളും ദിവസ വേതനാടിസ്ഥാനത്തിലാണ് നടക്കുന്നത്. കേരള സര്‍വീസ് റൂളും ചട്ടവും പ്രകാരമുള്ള ഇന്‍ക്രിമെന്റ്, ഗ്രേഡ് തുടങ്ങിയ ആനുകൂല്യങ്ങളോ, പ്രൊബേഷനോ നിഷേധിക്കപ്പെട്ടിരിക്കുകയാണ്.