പോലീസ് മർദനത്തിൽ നടുവു തകർന്നു; ഒരു വർഷത്തോളം റഷ്യയിൽ ചികിത്സ
Friday, August 22, 2025 2:16 AM IST
കട്ടപ്പന: എഐടിയുസി നേതാവായിരുന്ന വാഴുർ സോമൻ 1975 കാലഘട്ടത്തിലാണ് തൊഴിലാളി യൂണിയൻ പ്രവർത്തനവുമായി പീരുമേട്ടിലെത്തിയത്.
സി.എ. കുര്യൻ പ്രസിഡന്റായിരുന്ന ഹൈറേഞ്ച് എസ്റ്റേറ്റ് ലേബർ യൂണിന്റെ ജനറൽ സെക്രട്ടറിയായി തുടക്കം. 1977ൽ പീരുമേട് പോലീസ് പിടികൂടി പോലീസ് സ്റ്റേഷനിൽ എത്തിച്ച രണ്ടു യൂണിയൻ തൊഴിലാളികളെ സ്റ്റേഷനിൽനിന്നു മോചിപ്പിക്കാനായി സ്റ്റേഷനിലെത്തിയ സോമനും എസ്ഐയായിരുന്ന രാഘവനുമായി വാക്കുതർക്കമായി.
തുടർന്ന് സിഐയെ ബന്ധപ്പെട്ടു കസ്റ്റഡിയിലുണ്ടായിരുന്നവരെ മോചിപ്പിക്കാൻ ഉത്തരവു വാങ്ങി. പിന്നീട് കസ്റ്റഡിയിലുള്ളവരെ വിട്ടുകിട്ടാനായി പോലീസ് സ്റ്റേഷനിൽ എത്തിയ സോമൻ വീണ്ടും എസ്ഐയുമായി വാക്കേറ്റമുണ്ടായി.
തുടർന്ന് ക്വാർട്ടേഴ്സിലേക്കു പോയ എസ്ഐയുമായി വീണ്ടും വാക്കേറ്റമുണ്ടാകുകയും സോമനു പോലീസ് മർദനമേൽക്കുകയും ചെയ്തു. പോലീസ് മർദനത്തിൽ നടുവിനും വാരിയെല്ലുകൾക്കും ഗുരുതരമായി പരിക്കേറ്റ സോമൻ ഒന്നര വർഷത്തോളം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് ഒരു വർഷത്തോളം റഷ്യയിലും ചികിത്സയിലായിരുന്നു. പോലീസ് മർദനത്തിൽ ഉണ്ടായ പരിക്കിനെത്തുടർന്നാണ് സോമന്റെ നടുവിനു വളവും നടക്കുന്പോൾ ചെരിവും സംഭവിച്ചത്.