വാഴൂർ സോമൻ അന്തരിച്ചു
Friday, August 22, 2025 3:17 AM IST
തിരുവനന്തപുരം: പീരുമേട് എംഎൽഎ വാഴൂർ സോമൻ (72) അന്തരിച്ചു. ഇടുക്കി ജില്ലയിലെ റവന്യു പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കുന്നതിനായി വിളിച്ച റവന്യു ജില്ലാ അസംബ്ലിയിൽ പങ്കെടുത്തു മടങ്ങുന്നതിനിടെ കുഴഞ്ഞുവീണായിരുന്നു അന്ത്യം.
റവന്യു മന്ത്രി കെ. രാജൻ തിരുവനന്തപുരം പിടിപി നഗറിലെ ലാൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ വിളിച്ച ഇടുക്കി ജില്ലാ റവന്യു അസംബ്ലിയിൽ പ്രസംഗിച്ചശേഷം മടങ്ങുന്നതിനിടെ ഇന്നലെ വൈകുന്നേരം നാലോടെ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്നു സർക്കാർ വാഹനത്തിൽ അടുത്തുള്ള ശാസ്തമംഗലം ശ്രീരാമകൃഷ്ണ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരു മണിക്കൂറിനകം അന്ത്യം സംഭവിച്ചു.
തുടർന്ന് സിപിഐ സംസ്ഥാന സമിതി ഓഫീസായ എംഎൻ സ്മാരകത്തിൽ പൊതുദർശനത്തിനു വച്ച മൃതദേഹം രാത്രിയോടെ സ്വദേശമായ വണ്ടിപ്പെരിയാറിലേക്കു കൊണ്ടുപോയി. ഇന്നു രാവിലെ 11ന് വണ്ടിപ്പെരിയാർ ടൗൺഹാളിൽ ഭൗതിക ശരീരം പൊതുദർശനത്തിനു വയ്ക്കും. വൈകുന്നേരം നാലിനു പീരുമേട് പഴയ പാന്പനാറിൽ മുതിർന്ന സിപിഐ നേതാവ് എസ്. കെ. ആനന്ദന്റെ സ്മൃതി മണ്ഡപത്തിന് അടുത്തായി സംസ്കരിക്കും.
ഭാര്യ: ബിന്ദു. മക്കൾ: അഡ്വ. സോബിൻ, അഡ്വ. സോബിത്ത്.
ശരീരം തളരുന്നുവെന്നു പറഞ്ഞ് ഉദ്യോഗസ്ഥരുടെ തോളിലേക്കു ചാഞ്ഞു
തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ റവന്യു പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കുന്നതിനായി തിരുവനന്തപുരത്ത് വിളിച്ചുചേർത്ത റവന്യു ജില്ലാ അസംബ്ലിയിൽ പങ്കെടുക്കാൻ ഇന്നലെ ഉച്ചയ്ക്ക് ഒന്നിനോടെയാണ് വാഴൂർ സോമനും ഇടുക്കിയിലെ മറ്റ് എംഎൽഎമാരായ എം.എം. മണിയും എ. രാജയും എത്തിയത്.
വൈകുന്നേരം 3.50ന് ഇടുക്കിയിലെ മറ്റ് മൂന്ന് എംഎൽഎമാരോടൊപ്പം പുറത്തേക്കിറങ്ങിയ വാഴൂർ സോമൻ, രക്തസമ്മർദം കുറഞ്ഞെന്നും ശരീരം കുഴയുന്നുവെന്നും പറഞ്ഞ് അടുത്തുണ്ടായിരുന്ന റവന്യു ഡെപ്യൂട്ടി ഡയറക്ടർ അടക്കമുള്ള ഉദ്യോഗസ്ഥരുടെ തോളിലേക്ക് ചായുകയായിരുന്നു. തുടർന്നു കുഴഞ്ഞു വീണ അദ്ദേഹത്തെ അവിടെയുണ്ടായിരുന്ന സർക്കാർ വാഹനത്തിൽ അടുത്തുള്ള ശ്രീരാമകൃഷ്ണ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എഐവൈഎഫിൽ നിന്നു ട്രേഡ് യൂണിയനായ എഐടിയുയിസിലേക്ക് എത്തിയ വാഴൂർ സോമൻ തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ചു നേതാവായി വളർന്നു. 2021ലെ തെരഞ്ഞെടുപ്പിൽ ഇടുക്കി പീരുമേട്ടിൽ 1835 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫിലെ സിറിയക് തോമസിനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലേക്ക് എത്തിയത്.
സംസ്കാര ചടങ്ങുകൾ സോമന്റെ ആഗ്രഹപ്രകാരം
വാഴൂർ സോമന്റെ മൃതദേഹം വണ്ടിപ്പെരിയാറിലെ വസതിയിൽ പുലർച്ചെ രണ്ടോടെ എത്തിച്ചു. ഇന്നു രാവിലെ 11 മുതൽ വണ്ടിപ്പെരിയാർ ടൗണ്ഹാളിൽ പൊതുദർശനം. വൈകുന്നേരം നാലിനു പീരുമേട് പഴയ പാന്പനാറിൽ മുതിർന്ന സിപിഐ നേതാവ് എസ്.കെ. ആനന്ദന്റെ സ്മൃതിമണ്ഡപത്തിന് അടുത്തായി സംസ്കരിക്കും.
തന്റെ സംസ്കാരച്ചടങ്ങ് ഇങ്ങനെ നടത്തണമെന്നു ഭാര്യയോടു വാഴൂർ സോമൻ എംഎൽഎ നേരത്തേ പറഞ്ഞിരുന്നു. അതനുസരിച്ചാണ് സംസ്കാരച്ചടങ്ങ് എസ്.കെ. ആനന്ദൻ സ്മൃതി മണ്ഡപത്തിന് അടുത്തേക്കു മാറ്റിയത്.