നിയമനം തുലാസില്‍; അധ്യാപകര്‍ സമരവഴിയിലേക്ക്
Friday, August 22, 2025 3:17 AM IST
കോട്ടയം: വര്‍ഷങ്ങള്‍ കാത്തിരുന്നിട്ടും കനിവില്ലാതെ ഗതികെട്ട അധ്യാപകര്‍ ഒടുവില്‍ പരസ്യസമരത്തിലേക്ക്.
ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ പുലര്‍ത്തുന്ന നിലപാടിനും ഇരട്ടത്താപ്പിനും നീതിനിഷേധത്തിനുമെതിരേ കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡിന്റെ ആഭിമുഖ്യത്തില്‍ നാളെ കോട്ടയത്തു കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തും.
ഗാന്ധിസ്ക്വയറില്‍ രാവിലെ 10നു വിജയപുരം രൂപതാ സഹായമെത്രാന്‍ ബിഷപ് ഡോ. ജസ്റ്റിന് മഠത്തില്‍പറമ്പില്‍ മാര്‍ച്ച് ഫ്ലാഗ് ഓഫ് ചെയ്യും. കളക്ടറേറ്റിനു മുന്നില്‍ ധര്‍ണ ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും.
സംസ്ഥാനത്ത് ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് നിയമനാംഗീകാരം ലഭിക്കാത്ത പതിനായിരത്തിലേറെ അധ്യാപകരുള്ളതില്‍, കൂടുതല്‍ പേരുള്ളത് കോട്ടയത്താണെന്ന് അധ്യാപക പ്രതിനിധികള്‍ പറയുന്നു. ഏഴു വര്‍ഷമായി എയ്ഡഡ് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ വരെ ഭിന്നശേഷി നിയമനത്തിന്റെ പേരില്‍ നിയമനം പാസാകാതെ ജോലി ചെയ്യേണ്ട ഗതികേടിലാണ്.
കോടതി നിര്‍ദേശമുണ്ടായിട്ടും നിയമനകാര്യത്തില്‍ സര്‍ക്കാര്‍ വിവേചനം തുടരുകയാണ്. ഈ സാഹചര്യത്തിലാണു ചങ്ങനാശേരി, പാലാ, വിജയപുരം, കാഞ്ഞിരപ്പള്ളി, കോട്ടയം രൂപതകളിലെ നാലായിരത്തിലധികം അധ്യാപകര്‍ പങ്കെടുക്കുന്ന പ്രതിഷേധ മാര്‍ച്ച് നടത്തുന്നത്.
സെപ്റ്റംബര്‍ 26ന് സെക്രട്ടേറിയറ്റ് പടിക്കല്‍ 32 രൂപതകളിലെയും അധ്യാപകര്‍ കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡിന്റെ നേതൃത്വത്തില്‍ സമരം നടത്തും.