ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിച്ചെന്ന്; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പോലീസിലും ബാലാവകാശ കമ്മീഷനിലും പരാതി
Friday, August 22, 2025 3:17 AM IST
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ യുവതിയെ ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിക്കുന്ന ശബ്ദസന്ദേശം പുറത്തുവന്ന സാഹചര്യത്തില്‍ അദ്ദേഹത്തിനെതിരേ കേസെടുക്കണമെന്ന് പോലീസില്‍ പരാതി. അഡ്വ. ഷിന്റോ സെബാസ്റ്റ്യനാണ് എറണാകുളം സെന്‍ട്രല്‍ പോലീസിൽ പരാതി നൽകിയത്. അതേസമയം, വിഷയത്തില്‍ രാഹുലിനെതിരേ യുവതി പരാതി നല്‍കിയിട്ടില്ല.
ഗര്‍ഭസ്ഥശിശുവിന്റെ ജീവിക്കാനുള്ള അവകാശം ലംഘിക്കുന്നതാണ് രാഹുലിന്റെ പ്രവൃത്തി. പുറത്തുവന്നിട്ടുള്ള ശബ്ദസന്ദേശങ്ങള്‍ പ്രകാരം രാഹുല്‍ ഒരു സ്ത്രീയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിട്ടുണ്ട്.
പല ഗുരുതര വകുപ്പുകള്‍ പ്രകാരമുള്ള കുറ്റകൃത്യങ്ങളാണു നടന്നിട്ടുള്ളത്. ഇയാള്‍ക്കു രാഷ്ട്രീയത്തില്‍ ഉന്നതസ്ഥാനമുള്ളതിനാല് ഇതുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ട്.
ഗര്‍ഭസ്ഥശിശുവിന്റെ ജീവിക്കാനുള്ള അവകാശം ലംഘിക്കുന്ന പ്രവൃത്തികള്‍ ഇയാളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ള സാഹചര്യത്തില്‍ ആരോപണവിധേയനെതിരേ അന്വേഷണം നടത്തി കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.
പുറത്തുവന്നിട്ടുള്ള ശബ്ദസന്ദേശത്തില്‍ യുവതിയോട് കുഞ്ഞിന്റെ അച്ഛനായി ആരെ ചൂണ്ടിക്കാണിക്കുമെന്ന രാഹുലിന്റെ ചോദ്യത്തിന്, രാഹുലിനെ ചൂണ്ടിക്കാണിക്കുമെന്നാണ് യുവതിയുടെ മറുപടി. ഇതില്‍ പ്രകോപിതനായ രാഹുല്‍ തനിക്ക് അതു ബുദ്ധിമുട്ടാകുമെന്ന് യുവതിയോട് പറയുന്നതും ശബ്ദരേഖയില്‍ കേള്‍ക്കാം.
സംഭവത്തില്‍ രാഹുലിനെതിരേ അഡ്വ. ഷിന്റോ സെബാസ്റ്റ്യന്‍ ബാലാവകാശ കമ്മീഷനിലും പരാതി നല്‍കിയിട്ടുണ്ട്.