ലോകസമാധാനത്തിനായി ഉപവാസപ്രാർഥനാദിനം ഇന്ന്
Friday, August 22, 2025 2:17 AM IST
കൊച്ചി: ലോകസമാധാനത്തിനും സായുധസംഘർഷങ്ങളുടെ ഇരകളായി ദുരിതമനുഭവിക്കുന്നവരുടെ സമാശ്വാസത്തിനുമായി ലെയോ പതിനാലാമൻ മാർപാപ്പയുടെ ആഹ്വാനമനുസരിച്ച് സീറോമലബാർ സഭയിലും ഇന്ന് ഉപവാസപ്രാർഥനാദിനമായി ആചരിക്കുമെന്ന് മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ അറിയിച്ചു.
കഴിയുന്ന എല്ലാവരും ഇന്ന് ഉപവസിക്കണം. സാധിക്കുന്നിടത്തോളം എല്ലാ പള്ളികളിലും സമർപ്പിത ഭവനങ്ങളിലും ഒരു മണിക്കൂറെങ്കിലും പരിശുദ്ധ കുർബാനയുടെ ആരാധന നടത്തണം.
മാർപാപ്പയോടും സാർവത്രിക സഭയോടും ചേർന്നു സമാധാനത്തിനായി പ്രാർഥിക്കുമ്പോൾ സീറോമലബാർ സഭയെയും നമ്മുടെ നിയോഗങ്ങളെയും ദൈവസന്നിധിയിൽ സമർപ്പിക്കാം. കർത്താവിന്റെ കാരുണ്യം ലോകം മുഴുവനിലും നമ്മിലും വർഷിക്കപ്പെടുന്നതിന് സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം അപേക്ഷിക്കണമെന്നും സീറോമലബാർ സഭ സിനഡ് സമ്മേളനത്തിൽ പങ്കെടുക്കുന്ന മെത്രാന്മാർക്കൊപ്പം മേജർ ആർച്ച്ബിഷപ് ആഹ്വാനം ചെയ്തു.
പങ്കുചേരാൻ സിബിസിഐ ആഹ്വാനം
ന്യൂഡൽഹി: സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാൾ ആചരിക്കുന്ന ഇന്ന് ലോക സമാധാനത്തിനായി പ്രാർഥനയിലും ഉപവാസത്തിലും ഒന്നിക്കാനുള്ള ലെയോ പതിനാലാമൻ മാർപാപ്പയുടെ ആഹ്വാനത്തിൽ പങ്കുചേരാൻ രാജ്യത്തെ എല്ലാ കത്തോലിക്കാവിശ്വാസികളോടും ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) അധ്യക്ഷൻ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അഭ്യർഥിച്ചു.
യുദ്ധം, അക്രമം, വിദ്വേഷം തുടങ്ങിയ തിന്മകളുമായി ലോകമിന്നു പോരാടുകയാണ്. ദരിദ്രരുടെയും നിരപരാധികളുടെയും നിലവിളികൾ ഇടതടവില്ലാതെ ഉയരുന്ന ഈ സാഹചര്യത്തിലാണു ലെയോ പതിനാലാമൻ മാർപാപ്പ പ്രാർഥനയ്ക്കും ഉപവാസത്തിനും പ്രായശ്ചിത്തത്തിനും സാർവത്രികസഭയെ ക്ഷണിച്ചത്.
ലോകത്തെ ശാശ്വത സമാധാനത്തിൽ നയിക്കാൻ ലോകനേതാക്കൾക്ക് ശരിയായ ജ്ഞാനം നൽകുന്നതിനുവേണ്ടി പ്രാർഥിക്കാൻ സഭ വിളിക്കപ്പെട്ടിരിക്കുന്നു. മാർപാപ്പയുടെ ആഹ്വാനമനുസരിച്ച് ലോകസമാധാനത്തിനായുള്ള പ്രാർഥനായജ്ഞത്തിൽ പങ്കുചേരാൻ രാജ്യത്തെ എല്ലാ കത്തോലിക്കാവിശ്വാസികളോടും ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻസമിതിക്കു വേണ്ടി അഭ്യർഥിക്കുന്നതായും മാർ ആൻഡ്രൂസ് താഴത്ത് പ്രസ്താവനയിൽ പറഞ്ഞു.
ഉപവസിച്ച് പ്രാർഥിക്കണം: കെസിബിസി
കൊച്ചി: ലെയോ പതിനാലാമൻ മാർപാപ്പയുടെ ആഹ്വാനമനുസരിച്ച് ലോകസമാധാനത്തിനും സായുധസംഘർഷങ്ങളുടെ ഇരകളായി ദുരിതമനുഭവിക്കുന്നവരുടെ സമാശ്വാസത്തിനുമായി ഇന്ന് കേരള സഭയിൽ ഉപവാസ പ്രാർഥനാദിനമായി ആചരിക്കുമെന്ന് കെസിബിസി അധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അറിയിച്ചു. സാധിക്കുന്നവരെല്ലാം ഇന്ന് ഉപവസിക്കണമെന്നും മാർ ക്ലീമിസ് കാതോലിക്കാ ബാവ ആഹ്വാനം ചെയ്തു.