ആഗോള അയ്യപ്പ സംഗമം അടുത്ത മാസം 20ന്
Friday, August 22, 2025 2:15 AM IST
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലിയിലോടനുബന്ധിച്ചു നടത്തുന്ന ആഗോള അയ്യപ്പസംഗമം അടുത്ത മാസം 20-നു പന്പാതീരത്തു സംഘടിപ്പിക്കും.
ശബരിമലയുടെ ഭാവി വികസനത്തിനുതകുന്ന പദ്ധതികൾക്കായുള്ള ചർച്ചകൾ സംഗമത്തിന്റെ ഭാഗമായി നടക്കും. ആത്മീയ നേതാക്കൾ, പണ്ഡിതർ, ഭക്തർ, സാംസ്കാരിക പ്രതിനിധികൾ, ഭരണകർത്താക്കൾ തുടങ്ങിയവർ സംഗമത്തിൽ പങ്കെടുക്കും. ഭക്തരുടെ താൽപര്യം സംരക്ഷിച്ച് ആചാരഅനുഷ്ഠാനം പാലിച്ചുകൊണ്ടായിരിക്കും സംഗമം.
ശബരിമല തന്ത്രിയുടേതടക്കം അഭിപ്രായം സ്വീകരിക്കും. വിപുലമായ പങ്കാളിത്തത്തിനു വിവിധ സംസ്ഥാനങ്ങളുമായി ആശയവിനിമയം നടത്തിവരികയാണെന്നു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
ശബരിമലയിൽ നിലവിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നതും ഭാവിയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതുമായ വികസന പദ്ധതികൾ ഭക്തരുടെ മുന്നിൽ അവതരിപ്പിക്കുകയും അവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കുകയും ചെയ്യും.
3000 പേർക്ക് ഇരിക്കാനുള്ള സൗകര്യമൊരുക്കുന്നതിനായി പന്പയിൽ തീർഥാടന കാലത്ത് ഉണ്ടാക്കുന്നതുപോലെയുള്ള ഒരു ജർമ്മൻ പന്തൽ നിർമിക്കും. പത്തനംതിട്ട നഗരം കേന്ദ്രീകരിച്ചായിരിക്കും ജില്ലാ ഭരണകൂടത്തിൻ കീഴിൽ പ്രധാന സ്വാഗത സംഘം ഓഫീസ് പ്രവർത്തിക്കുക.
പന്പ, പെരുനാട്, സീതത്തോട് എന്നിവിടങ്ങളിലും സ്വാഗതസംഘം ഓഫീസുകളുണ്ടാകും. പ്രതിനിധികളെ സ്വീകരിക്കാൻ കെഎസ്ആർടിസി സൗകര്യം ഏർപ്പെടുത്തും. ജില്ലയിൽ വിവിധ സ്ഥലങ്ങളിലാകും താമസസൗകര്യം. പ്രതിനിധികൾക്കു ദർശനത്തിനുള്ള അവസരം ഒരുക്കും.
പന്പയിലടക്കമുള്ള ആശുപത്രികളിൽ ആധുനിക ചികിത്സാ സൗകര്യം ഉറപ്പാക്കും. ഹിൽ ടോപ്പിലാകും വാഹനങ്ങളുടെ പാർക്കിംഗ്. സന്നദ്ധ സംഘടനകളുടെ സേവനമടക്കം ശുചീകരണ പ്രവർത്തനത്തിൽ ഉപയോഗിക്കും. ആഗോള അയ്യപ്പസംഗമത്തിന്റെ ഭാഗമായുള്ള ലോഗോയുടെ പ്രകാശനം മന്ത്രി നിർവഹിച്ചു.