യുഡിഎഫ് ഭരണം വന്നാൽ മാധ്യമപ്രവർത്തകരുടെ പെൻഷൻ കൂട്ടും: വി.ഡി. സതീശൻ
Friday, August 22, 2025 2:16 AM IST
തിരുവനന്തപുരം: അടുത്ത തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ച് അധികാരത്തിലെത്തുമെന്ന കാര്യം ഉറപ്പാണെന്നും അപ്പോൾ മാധ്യമപ്രവർത്തകർക്ക് പെൻഷൻ വർധനയും ആരോഗ്യ ഇൻഷ്വറൻസും നടപ്പാക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
സീനിയർ ജേണലിസ്റ്റ് ഫോറം കേരള സംഘടിപ്പിച്ച മുതിർന്ന മാധ്യമ പ്രവർത്തകരുടെ അഖിലേന്ത്യാ സമ്മേളത്തിലെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
താൻ പറയുന്ന ഇക്കാര്യം നിങ്ങൾക്ക് രേഖപ്പെടുത്തി വയ്ക്കാമെന്നും ഭരണത്തിൽ വരുമ്പോൾ നേരിട്ട് ചോദിക്കാമെന്നും മാധ്യമപ്രവർത്തകരോടായി സതീശൻ പറഞ്ഞു. പെൻഷൻ ന്യായമായി വർധിപ്പിക്കുകയും കൃത്യസമയത്ത് നൽകുകയും ചെയ്യും.അതോടൊപ്പം ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയും നടപ്പാക്കും.
ലോക വ്യാപകമായി ഏകാധിപതികളായ ഭരണാധികാരികൾ ഭിന്നാഭിപ്രായം പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരെ വേട്ടയാടി വരികയാണ്. ഇന്ത്യയിൽ രണ്ടു മാധ്യമപ്രവർത്തകരെ കള്ളക്കേസിൽ പെടുത്തി അറസ്റ്റ് ചെയ്തത് ആ മാധ്യമ വേട്ടയുടെ ഭാഗമാണെന്നും സതീശൻ കുറ്റപ്പെടുത്തി.
എസ്ജെഎഫ്കെ വൈസ് പ്രസിഡന്റ് ടി. ശശി മോഹൻ, കെയുഡബ്ള്യുജെ ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, ജെ. അജിത് കുമാർ എന്നിവർ പ്രസംഗിച്ചു.