ടോപ് ഗിയറില്‍ പീരുമേട് കയറിയ ജീപ്പും മുന്നില്‍ വാഴൂര്‍ സോമനും
Friday, August 22, 2025 2:16 AM IST
റോബിന് എബ്രഹാം ജോസഫ്
കോട്ടയം: വാഴൂര്‍ സോമന്റെ അടയാളമായിരുന്നു മഹീന്ദ്ര ജീപ്പ്. പാര്‍ട്ടിക്കായി കുത്തുകയറ്റം ശ്വാസം വലിച്ചു കയറുന്നതില്‍ അസാമാന്യ അനുസരണയായിരുന്നു ആ ജീപ്പിന്. ഇന്നോവ കാറില്‍ സഞ്ചരിക്കാത്ത എംഎല്‍എ ആരെങ്കിലുമുണ്ടോ എന്നു ചോദിച്ചാല്‍ അടുത്തകാലം വരെ അതിന്റെ ഉത്തരമായിരുന്നു വാഴൂര്‍ സോമന്. സി.എ. കുര്യന്റെ സഹായത്തോടെ 1978 ലാണു വാഴൂര്‍ സോമന് പെട്രോള്‍ ജീപ്പ് സ്വന്തമാക്കുന്നത്. അന്ന് പെട്രോള്‍ ലിറ്ററിന് 20 രൂപ മാത്രം.
1991 മേയ് 21നു വണ്ടിപ്പെരിയാറ്റില്‍ നടന്ന തെരഞ്ഞെടുപ്പ് സമ്മേളനത്തില്‍ ആവേശം കയറിയ ഒരു സഖാവ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റെയും രാജീവ് ഗാന്ധിയുടെയും ശവപ്പെട്ടിയിലെ അവസാന ആണിയാണെന്നു പ്രസംഗിച്ചു. അന്നു രാത്രി ശ്രീപെരുംപുത്തൂരില്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് പീരുമേട്ടില്‍ കോണ്‍ഗ്രസുകാര്‍ വെറുതെയിരുന്നില്ല.
സിപിഐ നേതാവ് വാഴൂര്‍ സോമന്റെ ജീപ്പ് കോണ്‍ഗ്രസുകാര്‍ കത്തിച്ചു. ജീപ്പില്ലാതൊരു ജീവിതമില്ലെന്നിരിക്കേ 2006ല്‍ ജില്ലാ പഞ്ചായത്ത് അംഗമായിരിക്കേയാണ് ഈ മഹീന്ദ്ര മേജര്‍ ജീപ്പ് സ്വന്തമാക്കിയത്.
എംഎല്‍എ ആയപ്പോഴും വണ്ടിപ്പെരിയാറ്റില്‍നിന്നും തിരുവനന്തപുരം യാത്ര ജീപ്പിലായിരുന്നു.
എന്താണ് ജീപ്പില്‍ മാത്രം സഞ്ചാരം എന്ന് റോഡ് മന്ത്രി മുഹമ്മദ് റിയാസ് ചോദിച്ചപ്പോള്‍ സോമന് പറഞ്ഞു. പീരുമേട്ടിലെ റോഡുകളെല്ലാം പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലായതിനാല്‍ ജീപ്പിലല്ലാതെ അവിടെ സഞ്ചാരം സാധ്യമല്ലാത്ത ഗതികേടാണ്.
അന്നുതന്നെ പീരുമേട്ടിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ പത്തു കോടിയുടെ ഫണ്ട് മന്ത്രി അനുവദിച്ചു. ജീപ്പാണു പീരുമേടിന്റെ റോഡ് വികസനത്തിന് നിമിത്തമായതെന്ന് സോമന് പ്രതികരിച്ചു.
റഷ്യയിലെ മോസ്കോയില്‍നിന്നാണ് വാഴൂര്‍ സോമന് ഇന്റർനാഷണല്‍ ലൈസന്‍സ് സ്വന്തമാക്കിയത്. മഞ്ഞിലൂടെ വണ്ടിയോടിക്കാന്‍ പ്രത്യേക പരിശീലനവും നേടി. ആ സാഹസികതയാണു പീരുമേട് കയറ്റങ്ങള്‍ എത്ര കഠിനമായാലും കയറിപ്പറ്റാന്‍ കരുതലായത്.
പക്ഷെ എഴുപതു വയസു കഴിഞ്ഞപ്പോള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും നാട്ടുകാരനും ചെറുപ്പകാല പാര്ട്ടിച്ചങ്ങാതിയുമായിരുന്ന കാനം രാജേന്ദ്രൻ സോമന് ഒരു കത്തയച്ചു. സഖാവ് ഒരു കാര്‍ വാങ്ങണമെന്നും വേണമെങ്കില്‍ ലോണ്‍ തരപ്പെടാമെന്നുമായിരുന്നു ഉള്ളടക്കം.
പാര്‍ട്ടി സെക്രട്ടറിയുടെ കത്തിനു കീഴടങ്ങി വാഴർ സോമന് കാര്‍ വാങ്ങി. പാര്‍ട്ടിക്കു വിധേയപ്പെട്ടെങ്കിലും കാറിനു പൂര്‍ണമായി വിധേയപ്പെടാന്‍ മനസ് അനുവദിച്ചില്ല.
ജീപ്പ് വില്‍ക്കാനോ ഷെഡ്ഡില്‍ സ്ഥിരമായി വിശ്രമിക്കാനോ അനുവദിക്കാതെ സോമന്റെ മലയോര യാത്രകളേറെയും ജീപ്പില്‍ തുടര്‍ന്നു.