ഷാഫി പറന്പിലിനോട് ചോദ്യങ്ങളുമായി ഡോ.പി. സരിൻ
Friday, August 22, 2025 2:16 AM IST
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേയുള്ള ആരോപണങ്ങള്‍ക്കു പിന്നാലെ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷനായ ഷാഫി പറമ്പിലിനോടു പത്രസമ്മേളനത്തിൽ ചോദ്യങ്ങളുമായി പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായിരുന്ന സിപിഎം നേതാവ് ഡോ.പി. സരിന്.
കേരളത്തിന്റെ പ്രജ്വല്‍ രേവണ്ണയാണ് രാഹുൽ മാങ്കൂട്ടത്തിലെന്നും രാഹുലിനെ കൊണ്ടുനടന്നത് ഷാഫിയെന്നും കൊല്ലിച്ചത് വി.ഡി. സതീശനെന്നും പരിഹാസരൂപേണ സരിൻ പറഞ്ഞു.
രാഹുലിന്റെ സെക്ഷ്വൽ ഒഫൻസുകളെക്കുറിച്ച് അന്നത്തെ യൂത്ത് കോൺഗ്രസ് അധ്യക്ഷനായിരുന്ന ഷാഫി പറമ്പിലിനു രേഖാമൂലം എന്തെങ്കിലുമൊക്കെ പരാതികൾ കിട്ടിയിരുന്നോ എന്ന് സരിൻ ചോദിച്ചു. കിട്ടിയിരുന്നില്ലെങ്കില്‍ പരാതികള്‍ ലഭിച്ചിരുന്നതിന്റെ കഥകൾ പറയാൻ ഒന്നുകൂടി നിങ്ങളുടെ മുമ്പിലേക്കു വരാമെന്നും സരിന് പറഞ്ഞു.
രാഹുലിന്റെ പ്രശ്നത്തിനുശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ വിളിച്ചു കരഞ്ഞെന്നും പേരുവെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടെന്നും സരിന് മാധ്യമപ്രവർത്തകരോടു പറഞ്ഞു. യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായിരുന്ന ഷാഫി തനിക്കുശേഷം അരിയിട്ടുവാഴിക്കാൻ രാഹുലിനെ തെരഞ്ഞെടുത്തത് എന്തു മെറിറ്റിന്റെ അടിസ്ഥാനത്തിലാണ്? ആളുകൾ എത്തിച്ചേരുന്ന ഉയരം കൂടുംതോറും വീഴ്ചയുടെ ആഘാതവും കൂടും എന്നുള്ളതാണ് നമ്മൾ മനസിലാക്കേണ്ടത്.
ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്നു താൻ പറഞ്ഞ രാഷ്ട്രീയം ദുർവ്യാഖ്യാനം ചെയ്യപ്പെട്ടു. പിന്നീടത് ഒറ്റയാൾപോരാട്ടത്തിനൊപ്പം ഇരയായും ഞാൻ മാറി. അന്നു പറഞ്ഞത് ഇപ്പോൾ കൂടുതൽ വ്യക്തമായി തുടങ്ങിയെന്നും സരിൻ പറഞ്ഞു.
പരാതി ഡിസിസിക്കു ലഭിച്ചിട്ടില്ല
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളെക്കുറിച്ച് അറിയില്ലെന്നും ഡിസിസിക്കു പരാതി ലഭിച്ചിട്ടില്ലെന്നും പാലക്കാട് ഡിസിസി അധ്യക്ഷന്‍ എ. തങ്കപ്പന്. വനിതകള്‍ക്കെതിരേ ആര് അതിക്രമം നടത്തിയാലും കോണ്‍ഗ്രസ് സംരക്ഷിക്കില്ല.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തെക്കുറിച്ച് പ്രതികരിക്കാന്‍ താന്‍ ആളല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.