പതിനഞ്ചാം നിയമസഭയിയില്നിന്ന് വിടപറയുന്ന മൂന്നാമത്തെ എംഎൽഎ
Friday, August 22, 2025 2:16 AM IST
കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയിൽ അംഗങ്ങമായിരിക്കേ മരണമടയുന്ന മൂന്നാമത്തെ എംഎൽഎയാണ് സിപിഐ പ്രതിനിധിയായ വാഴൂർ സോമൻ.
ആദ്യം തൃക്കാക്കരയിലെ കോണ്ഗ്രസ് പ്രതിനിധിയായ പി.ടി. തോമസും പിന്നീട് കേരളത്തിന്റെ ഏറ്റവും ജനകീയ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയും 2021ൽ തുടങ്ങിയ നിലവിലെ സഭയുടെ അംഗങ്ങളായിരിക്കേ അന്തരിച്ചു. ഉപതെരഞ്ഞെടുപ്പുകളിൽ പി.ടി. തോമസിന്റെ ഭാര്യ ഉമാ തോമസും പുതുപ്പള്ളിയിൽനിന്ന് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനും വിജയിച്ചു.
എന്നാൽ, ഇനി നിയമസഭയ്ക്ക് എട്ടു മാസത്തെ കാലവധി മാത്രം അവശേഷിക്കുന്ന സാഹചര്യത്തിൽ പീരുമേട് മണ്ഡലം ഉപതെരഞ്ഞെടുപ്പിലേക്കു നീങ്ങുമോ എന്നു വ്യക്തമല്ല. 2026 മേയ് 23നു നിയമസഭയുടെ കാലാവധി അവസാനിക്കും. 2026 ഫെബ്രുവരി അവസാനമോ മാർച്ച് ആദ്യമോ നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപനം വരാനും സാധ്യതയുണ്ട്.
കെ.ടി. ജോർജ്:
നിയമസഭയ്ക്കുള്ളിൽ പ്രസംഗിച്ചുകൊണ്ടിരിക്കേ കുഴഞ്ഞുവീണു മരിച്ച ധനമന്ത്രി. നിയമസഭയിൽ പീരുമേടിനെ പ്രതിനിധീകരിക്കുന്ന വാഴൂർ സോമൻ റവന്യു വകുപ്പിന്റെ ജില്ലാ റവന്യു അസംബ്ലിയിലെ പ്രസംഗത്തിനു ശേഷം മടങ്ങുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചെങ്കിൽ നിയമസഭയ്ക്കുള്ളിൽ പ്രസംഗിച്ചുകൊണ്ടിരിക്കേ കുഴഞ്ഞുവീണ മരിച്ച ധനമന്ത്രിയുമുണ്ടായിരുന്നു കേരളത്തിൽ.
സി. അച്യുതമേനോൻ മന്ത്രിസഭയിൽ ധന- നിയമ വകുപ്പു മന്ത്രിയായിരുന്ന കെ.ടി. ജോർജ് നിയമസഭയിൽ പ്രസംഗിച്ചു കൊണ്ടിരിക്കേ കുഴഞ്ഞുവീണു മരിച്ചിരുന്നു.