ഹൈക്കമാൻഡ് കണ്ണുരുട്ടി; ഉടനടി രാജി
Friday, August 22, 2025 3:17 AM IST
സാബു ജോണ്‍
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി പ്രഖ്യാപനത്തിലേക്കു നയിച്ചത് കോണ്‍ഗ്രസ് ഹൈക്കമാൻഡിന്റെ കടുത്ത നിലപാട്. രാഹുൽ പദവി ഒഴിയണമെന്ന കർശന നിർദേശം നൽകിയത് കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി തന്നെയാണ്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫിനെയും ഇക്കാര്യം അറിയിച്ചു. അവർ കേരളത്തിലെ പ്രധാന നേതാക്കളുമായി കൂടിയാലോചന നടത്തി. രാഹുലിനെ പിന്തുണയ്ക്കാൻ ആരുമുണ്ടായില്ല. രാഹുൽ പ്രസിഡന്റ് പദവിയിലുണ്ടാകില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാധ്യമങ്ങളെ കണ്ടത്.
തിരിച്ചടിയാകും
തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കേ രാഹുലിനെതിരായി ഉയർന്നു വന്ന ആരോപണങ്ങൾ കോണ്‍ഗ്രസിനു വലിയ തിരിച്ചടിയായി എന്ന കാര്യത്തിൽ സംശയമില്ല. സംസ്ഥാന സർക്കാരിനും സിപിഎമ്മിനുമെതിരേ ഉയർന്നുവരുന്ന ആരോപണങ്ങളും ആക്ഷേപങ്ങളും സർക്കാർ വിരുദ്ധ ചിന്താഗതി തീവ്രമാക്കുന്നു എന്നു കരുതപ്പെട്ടിരുന്ന സമയത്താണ് രാഹുലിനെതിരായ ആരോപണങ്ങൾ ഉയർന്നുവരുന്നത്. ദേശീയതലത്തിൽ ബിഹാറിൽ രാഹുൽ ഗാന്ധി നടത്തിവരുന്ന വോട്ടർ അധികാർ യാത്രയും കേന്ദ്രസർക്കാരിനെതിരായ അതിനിശിതമായ വിമർശനങ്ങളും കോണ്‍ഗ്രസിന്റെ ഗ്രാഫ് ഉയർത്തുന്നു എന്നും പരക്കെ കരുതപ്പെട്ടിരുന്ന സമയമാണിത്.
എന്നാൽ, ഇതെല്ലാം ഒറ്റദിവസംകൊണ്ടു തകർത്തെറിയുന്നതായി ആരോപണങ്ങൾ. ഇപ്പോഴത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ ദേശീയതലത്തിൽ പോലും മാധ്യമങ്ങളും എതിർ പാർട്ടികളും ഇതു ചർച്ചയാക്കി മാറ്റി. കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെയും പ്രിയങ്ക ഗാന്ധിയുടെയും തട്ടകമായ കേരളത്തിലെ കോണ്‍ഗ്രസിലുണ്ടാകുന്ന സംഭവവികാസങ്ങൾ സ്വാഭാവികമായും ദേശീയതലത്തിലും ചർച്ചയാകും.
കേരളത്തിലും ക്ഷണനേരം കൊണ്ട് കോണ്‍ഗ്രസിനെതിരായ രാഷ്ട്രീയ ആയുധമാക്കി എതിരാളികൾ ഈ വിഷയത്തെ മാറ്റിയെടുത്തു. ഈ സാഹചര്യത്തിൽ തീരുമാനം നീട്ടിക്കൊണ്ടു പോകാൻ കോണ്‍ഗ്രസിനു സാധിക്കില്ലായിരുന്നു.
തിരുവനന്തപുരത്തും പാലക്കാട്ടും സിപിഎമ്മും ബിജെപിയും അവരുടെ പോഷകസംഘടനകളും മഹിളാ സംഘടനകളും രാഹുലിനെതിരേ പ്രതിഷേധവുമായി രംഗത്തിറങ്ങി. പാലക്കാട് മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന പാർട്ടി എന്ന നിലയിൽ ബിജെപിക്കും ഇതു വീണു കിട്ടിയ സുവർണാവസരമാണ്.
രാഹുലിനെതിരായ വ്യക്തിപരമായ ആരോപണം എന്നതിലുപരി കോണ്‍ഗ്രസിനെതിരായ ആയുധമായി തന്നെയാണ് എതിരാളികൾ ഇതിനെ കാണുന്നത്. ഷാഫി പറന്പിൽ എംപിയെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും ഈ വിഷയത്തിലേക്കു വലിച്ചിഴയ്ക്കാൻ സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നുണ്ട്.
നിരപരാധിയെന്ന് രാഹുൽ
യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറിയെങ്കിലും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യത്തിനു കോണ്‍ഗ്രസ് വഴങ്ങില്ല. അതുണ്ടാകില്ലെന്ന് ആവശ്യമുന്നയിക്കുന്നവർക്കും അറിയാം.
നിലവിൽ ഇരുപക്ഷത്തും ഇത്തരം ആരോപണങ്ങളിൽ കേസുകൾ നേരിടുന്നവരുണ്ട്. അവർക്കാർക്കും ബാധകമാകാത്ത ധാർമികത രാഹുൽ മാങ്കൂട്ടത്തിലിന്റെ കാര്യത്തിൽ ആവശ്യപ്പെടാൻ കോണ്‍ഗ്രസ് നേതൃത്വവും താത്പര്യപ്പെടുകയില്ല.
രാജി പ്രഖ്യാപിക്കുന്പോഴും താൻ നിരപരാധിയാണെന്ന നിലപാടാണ് രാഹുൽ മാങ്കൂട്ടത്തിൽ സ്വീകരിച്ചത്. അതിനു ശേഷവും രാഹുലിനെ പ്രതിസ്ഥാനത്തു നിർത്തുന്ന തെളിവുകൾ പുറത്തു വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ രാഹുലിനു പ്രതിരോധം തീർക്കാൻ പാർട്ടി മുന്നിട്ടിറങ്ങുമെന്നു കരുതാനാകില്ല. യുവനേതാവായ രാഹുലിനെതിരേ ഏറെ നാളുകളായി പല പരാതികളും പറഞ്ഞുകേൾക്കുന്നുണ്ടായിരുന്നു.
എന്നാൽ ഇപ്പോൾ ഒന്നിലേറെ പേർ പരസ്യമായി രംഗത്തു വന്നതോടെ തെളിവ് എവിടെ എന്നു ചോദിക്കാൻ പറ്റുന്ന സ്ഥിതിയിലായിരുന്നില്ല പാർട്ടി നേതൃത്വം. നിരപരാധിത്വം തെളിയിക്കേണ്ടത് രാഹുൽ മാങ്കൂട്ടത്തിലിന്റെ മാത്രം ഉത്തരവാദിത്വമാണിനി.