യുവാവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു
Friday, August 22, 2025 2:15 AM IST
മയ്യിൽ (കണ്ണൂർ): വെള്ളം ചോദിച്ച് വീട്ടിലെത്തിയ യുവാവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. കുറ്റ്യാട്ടൂർ ഉരുവച്ചാലിൽ വാടകവീട്ടിൽ താമസിക്കുന്ന പ്രവാസിയായ കാരപ്പുറത്ത് വീട്ടിൽ ഒ.വി. അജീഷിന്റെ ഭാര്യ പ്രവീണയാണ് (39) മരിച്ചത്.
ഗുരുതരമായി പൊള്ളലേറ്റ പ്രവീണ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. പ്രവീണയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച ഇരിക്കൂർ കുട്ടാവ് സ്വദേശി ജിജേഷും (40) ഗുരുതരമായി പൊള്ളലേറ്റ് കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. പ്രവീണയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ശേഷം ഇയാൾ സ്വയം തീകൊളുത്തുകയായിരുന്നു. പ്രവീണയുടെ മരണത്തെത്തുടർന്ന് ജിജേഷിനെതിരേ കൊലക്കുറ്റത്തിനു കേസെടുത്തു.
ബുധനാഴ്ച ഉച്ചയ്ക്കായിരന്നു വെള്ളം ചോദിച്ചെത്തിയ ജിജേഷ് വീടിന്റെ അടുക്കളയിൽ കയറി കൈയിൽ കരുതിയ പെട്രോൾ പ്രവീണയുടെ ദേഹത്തൊഴിച്ച് തീ കൊളുത്തിയത്. വീട്ടിലുണ്ടായിരുന്ന അജീഷിന്റെ അച്ഛന്റെയും സഹോദരിയുടെ മകളുടെയും നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്.
പ്രവീണയും ജിജേഷും നേരത്തേ പരിചയക്കാരായിരുന്നുവെന്ന് പറയുന്നു. കണ്ണൂർ എസിപി പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം പ്രവീണയുടെ മൃതദേഹം വീട്ടിലെത്തിച്ച് ഇരിക്കൂർ കുളിഞ്ഞ പൊതുശ്മശാനത്തിൽ സംസ്കരിച്ചു. പട്ടാന്നൂർ കെപിസി ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിനി ശിവദ ഏക മകളാണ്.