അനധികൃത സ്വത്തു സമ്പാദനം; വനംവകുപ്പ് ഉദ്യോഗസ്ഥനെതിരേ വിജിലന്‍സ് കേസ്
Friday, August 22, 2025 2:16 AM IST
കൊച്ചി: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ വനംവകുപ്പ് ഉദ്യോഗസ്ഥനെതിരേ വിജിലന്‍സ് കേസ്.
ഇടുക്കി കാഞ്ചിയാര്‍ തൊപ്പിപ്പാള സ്വദേശി പി.കെ. ഗോപകുമാറിനെതിരേയാണു എറണാകുളം വിജിലന്‍സ് സ്പെഷല്‍ സെല്‍ കേസെടുത്തത്. സംഭവത്തില്‍ വിജിലന്‍സ് വിശദമായ അന്വേഷണം ആരംഭിച്ചു.
ഇടുക്കി കാഞ്ചിയാര്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറായി ജോലിചെയ്തിരുന്ന കാലയളവില്‍ ഗോപകുമാര്‍ വരവില്‍ കവിഞ്ഞു സ്വത്ത് സമ്പാദിച്ചതായാണു വിജിലന്‍സ് കണ്ടെത്തല്‍.
വിവിധ വസ്തുക്കള്‍ ഉള്‍പ്പെടെ 1,05,70,968 രൂപയുടെ മുതലുകള്‍ ഇയാള്‍ സമ്പാദിച്ചിട്ടുള്ളതില് 52,36,186 രൂപയുടെ വരവില്‍ കവിഞ്ഞ സ്വത്തുക്കളാണെന്നാണു വിജിലന്‍സിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്.
കാഞ്ചിയാറിലുള്ള ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട വിവിധ മുതലുകളും രേഖകളും വിജിലന്‍സ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. ഗോപകുമാര്‍ നിലവില്‍ വാഴത്തോപ്പ് ഫോറസ്റ്റ് സ്റ്റേഷനിലാണു ജോലി ചെയ്യുന്നത്.