‘ഹൂ കെയേഴ്സ്’ മനോഭാവമുള്ളവരോടു പറഞ്ഞിട്ടു കാര്യമില്ല: മന്ത്രി ബിന്ദു
Friday, August 22, 2025 2:16 AM IST
കോഴിക്കോട്: സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നത് ഗുരുതരമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു.
പ്രത്യേകിച്ച് ജനപ്രതിനിധികളുടെ ഭാഗത്തുനിന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത കാര്യമാണിതെന്നും രാഷ്ട്രീയപ്രസ്ഥാനം ഇതിനെതിരേ നടപടിയെടുക്കണമെന്നും മന്ത്രി പറഞ്ഞു. രാഷ്ട്രീയ മേഖലയ്ക്കുതന്നെ നാണക്കേട് ഉണ്ടാക്കുന്ന ആരോപണങ്ങളാണു വന്നുകൊണ്ടിരിക്കുന്നത്.
ഹൂ കെയേർസ് മനോഭാവക്കാരോടു ധാർമികതയെക്കുറിച്ച് പറഞ്ഞിട്ട് എന്തു കാര്യം എന്നും മന്ത്രി കോഴിക്കോട് പറഞ്ഞു. സ്ത്രീകളോടും പെൺകുട്ടികളോടും അപമര്യാദയായി പെരുമാറുന്നതും അശ്ലീല സന്ദേശം അയയ്ക്കുന്നതും ഗുരുതരമായ കാര്യമാണ്.
യുവനേതാക്കളിൽനിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത കാര്യമാണത്. ഉയർന്നുവരുന്ന ആരോപണങ്ങളിൽ നടപടി എടുക്കേണ്ടതു ബന്ധപ്പെട്ട രാഷ്ട്രീയപ്രസ്ഥാനമാണ്. പ്രസ്ഥാനത്തിനകത്താണ് അത്തരം നീക്കം ഉണ്ടാകേണ്ടതെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.