വിടവാങ്ങിയത് മലയോര മേഖലയിലെ ജനകീയമുഖം
Friday, August 22, 2025 2:16 AM IST
സാന്റോ ജേക്കബ്
മുണ്ടക്കയം: നാലര പതിറ്റാണ്ടു കാലം തോട്ടം മേഖലയിലെ നിറസാന്നിധ്യമായിരുന്ന പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്റെ വിയോഗം മലയോര മേഖലയ്ക്കു തീരാനഷ്ടം. തോട്ടം തൊഴിലാളികളെയും സാധാരണക്കാരെയും അടുത്തറിഞ്ഞ നേതാവായിരുന്നു വാഴൂര്‍ സോമന്.
ട്രേഡ് യൂണിയന് പ്രവര്‍ത്തനങ്ങളിലൂടെയാണ് രാഷ്ട്രീയ രംഗത്ത് സജീവമായത്. പെരുവന്താനം, കൊക്കയാര്‍ പഞ്ചായത്തുകളിലെ സാധാരണക്കാരുമായുള്ള അടുത്തബന്ധം കോണ്‍ഗ്രസിന് ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ പോലും അദ്ദേഹത്തിന്റെ വോട്ട് നില ഉയര്‍ത്തുവാന്‍ സാധിച്ചു.
പെരുവന്താനം, കൊക്കയാര്‍ പഞ്ചായത്തുകളില്‍ അനുഭവപ്പെടുന്ന വന്യമൃഗ ശല്യത്തിനെതിരേ ശക്തമായ നടപടിയാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. വന്യമൃഗ ശല്യത്തിനെതിരേ കഴിഞ്ഞ ദിവസം 35-ാം മൈലില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്ക്കെതിരേ രൂക്ഷമായ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. മലയോര മേഖലയില്‍ പ്രകൃതിദുരന്തങ്ങള്‍ ഉണ്ടായപ്പോഴും ശാരീരിക അവശതകളെയെല്ലാം മറന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കുവാന് അദ്ദേഹം എത്തിയിരുന്നു.
മലയോര മേഖലയിലെ ദുര്‍ഘടപാതകള്‍ താണ്ടുവാനായി ജീപ്പിലായിരുന്നു വാഴൂര്‍ സോമന്റെ സഞ്ചാരം. പലപ്പോഴും സഹായികള്‍ ഒന്നുമില്ലാതെ സ്വന്തം ജീപ്പോടിച്ച് പൊതുപരിപാടികള്‍ക്ക് എത്തുന്ന വാഴൂര്‍ സോമന് ജനപ്രതിനിധികള്‍ക്കിടയില്‍ വ്യത്യസ്തനായിരുന്നു.
സിപിഐയിലെയും എഐടിയുസിലെയും തലമുതിര്‍ന്ന നേതാവായിരുന്നെങ്കിലും തോട്ടം തൊഴിലാളികളുമായുള്ള വര്‍ഷങ്ങളായുള്ള അടുപ്പം അദ്ദേഹത്തെ സാധാരണക്കാര്‍ക്കിടയിലെ ജനകീയ മുഖമാക്കി മാറ്റി.