പാലിയേക്കര ടോള്‍പിരിവ് മരവിപ്പിച്ച ഇടക്കാല ഉത്തരവ് നീട്ടി
Friday, August 22, 2025 2:15 AM IST
കൊച്ചി: ദേശീയപാതയില്‍ മണ്ണുത്തി-ഇടപ്പള്ളി റോഡിന്റെ ശോച്യാവസ്ഥ കണക്കിലെടുത്ത് പാലിയേക്കരയില്‍ ടോള്‍പിരിവ് മരവിപ്പിച്ച ഇടക്കാല ഉത്തരവ് ഹൈക്കോടതി നീട്ടി. ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ഉടന്‍ മേല്‍നോട്ടസമിതി രൂപീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
വലിയ ഭാരവാഹനങ്ങള്‍ പകല്‍ വഴി തിരിച്ചുവിടുന്നത് ഉള്‍പ്പെടെ കമ്മിറ്റി പരിശോധിക്കണമെന്നും ജസ്റ്റീസുമാരായ എ. മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി. മേനോന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു. ടോള്‍ തടഞ്ഞത് സുപ്രീംകോടതിയും ശരിവച്ച സാഹചര്യത്തിലാണിത്.
അണ്ടര്‍പാസുകളുടെ നിര്‍മാണം നടക്കുന്ന സ്ഥലങ്ങളിലുള്‍പ്പെടെ ഗതാഗതക്കുരുക്ക് നിരീക്ഷിച്ച് ആവശ്യമായ നടപടികള്‍ മോണിറ്ററിംഗ് കമ്മിറ്റി സ്വീകരിക്കണം. ജനപ്രതിനിധികളെയും ജില്ലാകളക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തിയാണു കമ്മിറ്റി രൂപീകരിക്കേണ്ടത്.
കരാറുകാരായ നാമക്കല്‍ എന്‍ജിനിയറിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കമ്പനിയെ ഹര്‍ജിയില്‍ കക്ഷിചേര്‍ക്കാനും നിര്‍ദേശിച്ചു. ടോള്പിരിവില്ലാത്തതിനാല് ദേശീയപാത ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്.
യാത്രക്കാര്‍ നേരിടുന്ന പ്രശ്നം വിലയിരുത്തി മേല്‍നോട്ടസമിതി ഇടക്കാല ട്രാഫിക് മാനേജ്മെന്റ് പ്ലാനുണ്ടാക്കണം. വലിയ ഭാരവാഹനങ്ങള്‍ രാവിലെ ഒമ്പതുമുതല്‍ വൈകുന്നേരം ആറു വരെ വഴിതിരിച്ചുവിടുന്നത് പരിശോധിച്ചു തീരുമാനമെടുക്കണം.
വഴിതിരിച്ചു വിടുന്ന റോഡുകളും നന്നാക്കണം. കമ്മിറ്റി എല്ലാ ആഴ്ചയും യോഗം കൂടണമെന്നും റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കണമെന്നും നിര്‍ദേശിച്ചു.