കപ്പലപകടം: നഷ്ടപരിഹാരം തേടിയുള്ള സർക്കാരിന്റെ ഹർജി വിശദവാദത്തിനു മാറ്റി
Friday, August 22, 2025 2:17 AM IST
കൊച്ചി: എംഎസ്സി എല്‍സ 3 കപ്പല്‍ കേരളതീരത്ത് മുങ്ങിയതിനെത്തുടര്‍ന്ന് 9531 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള സര്‍ക്കാരിന്റെ അഡ്മിറാലിറ്റി സ്യൂട്ട് (കപ്പലപകടങ്ങൾ ഉണ്ടാകുന്പോൾ പരിസ്ഥിതി, മത്സ്യബന്ധനം, വാണിജ്യ മേഖലകളിലുണ്ടാകുന്ന നഷ്ടം ഈടാക്കുന്നതുമായി ബന്ധപ്പെട്ടു നൽകുന്നത്) ഹൈക്കോടതി വിശദവാദത്തിനു മാറ്റി.
പരിസ്ഥിതി, സാമ്പത്തിക മേഖലകളില്‍ ഉള്‍പ്പെടെയുണ്ടായ നഷ്ടം ചൂണ്ടിക്കാട്ടിയാണു സംസ്ഥാനസര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.
സര്‍ക്കാരിന്റെ ഹര്‍ജിയെത്തുടര്‍ന്ന് സെക്യൂരിറ്റിയായി എംഎസ്സി അകിറ്റേറ്റ 2 എന്ന കപ്പല്‍ വിഴിഞ്ഞം തുറമുഖത്ത് തടഞ്ഞിട്ടു പുറപ്പെടുവിച്ച ഇടക്കാല ഉത്തരവും അതുവരെ നീട്ടി.
സര്‍ക്കാര്‍ ആവശ്യപ്പെടുന്ന തുക യാഥാര്‍ഥ്യത്തിനു നിരക്കുന്നതല്ലെന്ന വാദമുന്നയിച്ചാണ് മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി സത്യവാങ്മൂലം സമര്‍പ്പിച്ചത്. ബാധകമായ നിയമങ്ങള്‍ പ്രകാരം 12.27 കോടിയുടെ നഷ്ടപരിഹാരം മാത്രമേ നല്കേണ്ടതുള്ളൂവെന്നാണു കമ്പനിയുടെ നിലപാട്.
കപ്പല്‍ കമ്പനി നല്കിയ സത്യവാങ്മൂലത്തിന് മറുപടി സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോടു നിര്‍ദേശിച്ച ജസ്റ്റീസ് എം.എ. അബ്ദുൾ ഹക്കീം ഹര്‍ജി സെപ്റ്റംബര്‍ 16 ലേക്കു മാറ്റി.