യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ; ഒ.ജെ. ജനീഷിനും ബിനു ചുള്ളിയിലിനും മുന്‍തൂക്കം
Saturday, August 23, 2025 1:58 AM IST
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവച്ച ഒഴിവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കു നിലവിലെ വൈസ് പ്രസിഡന്റ് ഒ.ജെ. ജനീഷിനും അഖിലേന്ത്യാ സെക്രട്ടറി ബിനു ചുള്ളിയിലിനും മുന്‍തൂക്കം.
സാമുദായിക സമവാക്യങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് ഇരുവരും പരിഗണനയിലുള്ളത്. എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലുമായി അടുപ്പം പുലര്‍ത്തുന്നവര്‍ കൂടിയാണ് ഇവർ.
തൃശൂര്‍ സ്വദേശിയായ ഒ.ജെ. ജനീഷ്, നിലവില്‍ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റാണ്. ഈഴവ സമുദായാംഗമെന്ന പരിഗണനയും ഇദ്ദേഹത്തിനു മുന്‍തൂക്കം നല്‍കുന്നുണ്ട്.
കെപിസിസി പ്രസിഡന്റ്സ്ഥാനത്തുനിന്ന് കെ. സുധാകരന് മാറിയശേഷം ഈഴവ സമുദായത്തിന് കോണ്‍ഗ്രസ് പോഷക സംഘടനകളിലെ പ്രമുഖമായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്കു പരിഗണിക്കണമെന്ന അഭിപ്രായം പല മുതിര്‍ന്ന നേതാക്കളും പങ്കുവച്ചിരുന്നു.
പോഷക സംഘടനകളുടെ നേതൃത്വത്തിലൊന്നും ഈഴവ സമുദായത്തിന്റെ പ്രാതിനിധ്യമില്ലാത്തത് ഒഴിവാക്കാനും കഴിയുമെന്ന അഭിപ്രായവും ഉയര്‍ന്നു. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് ജനീഷിനെ പരിഗണിക്കുന്നത്.
ഇതോടൊപ്പം ഹരിപ്പാടുനിന്നുള്ള ബിനു ചുള്ളിയിലും പരിഗണനാ പട്ടികയിലുണ്ട്. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാന്‍ എത്തിയ ബിനു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ നിര്ദേശത്തത്തുടര്ന്നാണ് പിന്‍വാങ്ങിയത്. തുടര്‍ന്ന് ദേശീയ സെക്രട്ടറി പദവി നല്കി.
നേരത്തേ രമേശ് ചെന്നിത്തലയുമായി അടുപ്പം പുലര്‍ത്തിയിരുന്ന ബിനു ചുള്ളിയില്‍ ഇപ്പോള്‍ കെ.സി. വേണുഗോപാല്‍ ഗ്രൂപ്പിന്റെ ശക്തനായ വക്താവാണ്. സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി, കെഎസ്യു മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത്, കോണ്‍ഗ്രസ് നേതാവ് ജെ.എസ്. അഖില്‍ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ എ ഗ്രൂപ്പുമായി അടുപ്പം പുലര്‍ത്തിയിരുന്ന തിരുവനന്തപുരം ജില്ലയിലെ നേതാവായിരുന്നു ജെ.എസ്. അഖില്‍.
യൂത്ത് കോണ്‍ഗ്രസ് വാട്സ് ആപ് ഗ്രൂപ്പിലെ പോര് നിര്‍ത്താന്‍ നിര്‍ദേശം
തിരുവനന്തപുരം: വിവാദത്തെത്തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്നു രാജിവച്ച രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ടു സംസ്ഥാന കമ്മിറ്റിയുടെ വാട്സ് ആപ് ഗ്രൂപ്പിലെ പോര് നിര്‍ത്താന്‍ നിര്‍ദേശം.
സംസ്ഥാന സമിതിയിലെ വനിതാ നേതാവ് തുടങ്ങിവച്ച പോരാണ് ദിവസങ്ങള്‍ക്കുള്ളില്‍ കത്തിപ്പടര്‍ന്നത്. ഗ്രൂപ്പു തിരിഞ്ഞു നേതാക്കള്‍ പരസ്പരം ചെളിവാരിയെറിയാന്‍ തുടങ്ങിയതോടെയാണ് മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് പോര് അവസാനിപ്പിക്കാന്‍ നിര്‍ദേശിച്ചത്.