കണ്‍സ്യൂമര്‍ഫെഡ് സഹകരണ ഓണംവിപണി 26 മുതല്‍
Saturday, August 23, 2025 1:11 AM IST
കൊച്ചി: കണ്‍സ്യൂമര്‍ഫെഡ് സഹകരണ ഓണംവിപണി 26 മുതല്‍ സെപ്റ്റംബര്‍ നാലു വരെ നടക്കും. സംസ്ഥാനതല ഉദ്ഘാടനം 26ന് വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
സംസ്ഥാനത്ത് ത്രിവേണി സ്റ്റോറുകളിലും സഹകരണസംഘങ്ങളുടെ സ്റ്റോറുകളിലുമായി 1800 ഓണം വിപണികള്‍ പ്രവര്‍ത്തിക്കും. 13 ഇന നിത്യോപയോഗ സാധനങ്ങള്‍ സര്‍ക്കാര്‍ സബ്സിഡിയോടെ സപ്ലൈകോ നല്കുന്ന നിരക്കില്‍ ഓണം വിപണിയില്‍ വില്പന നടത്തും.
അവശ്യ നിത്യോപയോഗ സാധനങ്ങള്‍ (നോണ്‍സബ്സിഡി ഇനങ്ങള്‍) പൊതുമാര്‍ക്കറ്റിനേക്കാള്‍ പത്തു ശതമാനം മുതല്‍ 40 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാക്കും.
സംസ്ഥാനത്തെ സഹകരണസ്ഥാപനങ്ങള്‍ നേരിട്ട് ഉത്പാദിപ്പിക്കുന്ന 75 കോടി രൂപയുടെ വെളിച്ചെണ്ണ ഗുണനിലവാരം ഉറപ്പാക്കി ഓണവിപണികളില്‍ ഇതിനോടകം എത്തിച്ചിട്ടുണ്ട്. 20 ലക്ഷം കുടുംബങ്ങള്‍ക്ക് സഹകരണ ഓണം വിപണി നേരിട്ടു പ്രയോജനം ചെയ്യുമെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്മാന് പി.എം. ഇസ്മയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.